ളിലും തുടൎന്നുവന്നതാണു് ഈ സാമ്യതയ്ക്കു കാരണമെന്നും തന്നിമിത്തം ഈറാനെ അനുകരിച്ചു എന്നു പറയുന്നതു യുക്തമല്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിമതം. അശോകന്റെ സ്തംഭശിഖരം ഘണ്ഡാകാരമായല്ല, അധോമുഖമായ കമലാകാരമാണെന്നും ഇവിടെ വ്യക്തമാക്കേണ്ടതായുണ്ടു്. പരിശുദ്ധകമലപുഷ്പത്തെ ശുഭസൂചകമായിട്ടാണ് ഭാരതീയർ പണ്ടേ കരുതിയിരുന്നതു്.
ദാരിയസ്സ് വെറും പാറകളിന്മേലാണു് തന്റെ ശാസനങ്ങൾ എഴുതിയിരുന്നതു്. അശോകൻ ഒരു പടി മുന്നോട്ടുപോയി, സ്തംഭങ്ങളും ഗുഹകളും നിൎമ്മിച്ച്, അവയിന്മേലും ധൎമ്മലേഖകൾ കൊത്തിവെച്ചു. ഉയൎന്ന പാറകൾ കഴിച്ചു അവിടെ ചില സ്തംഭങ്ങൾ ആ പാരസീകചക്രവൎത്തിയും നിൎമ്മിച്ചതായി പറയുന്നുണ്ട്. പക്ഷെ ഭീമമായ പാറകൾ വെട്ടിയെടുത്തു, അവയിൽനിന്നു സ്തംഭനിൎമ്മിതി ചെയ്തു് അന്യ സ്ഥലങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കുക എന്ന വിഷമപ്രശ്നം അശോകന്നുമുമ്പ് എവിടെയും ഉണ്ടായിരുന്നതായി അറിയുന്നില്ല. അമ്പതോ അറുപതോ അടി നീളത്തിലും ഏഴെട്ടടി വണ്ണത്തിലും ഒരു പാറക്കഷണം പൊളിച്ചെടുക്കുക എന്നതു യാന്ത്രികവികാസം ഇത്രയും സിദ്ധിച്ച ഈ ഇരുപതാംനൂറ്റാണ്ടിലെ ശില്പവിദഗ്ദ്ധന്മാൎക്കുപോലും സാദ്ധ്യമല്ലാത്ത സ്ഥിതിക്കു് 22 നൂറ്റാണ്ടുകൾക്കപ്പറം അശോകന്റെ ശില്പികൾ ഈ വിഷയത്തിൽ വിജയിച്ചതു വിസ്മയജനകമാകുന്നു. ഇത്രയും ഭാരിച്ച പാറക്കല്ലുകൾ വൃത്താകാരത്തിൽ കൊത്തിമിനുക്കി സ്ഫടികസമാനം തിളങ്ങുന്നതായി എങ്ങിനെ രൂപപ്പെടുത്തി എന്ന സംഗതിയും ഇന്നും ശില്പിപ്രമുഖരെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ടു്. എന്നുതന്നെയല്ല, ചില പ്രത്യേകസ്ഥലങ്ങളിൽനിന്നു വെട്ടപ്പെട്ട ഭാരിച്ച ശിലകൾ