ന്തോചീന, പൂൎവ്വേന്ത്യാദ്വീപുകൾ, ചീന, ജപ്പാൻ, കൊറിയ, സൈബീരിയ മുതലായ രാജ്യങ്ങളിൽ ഇന്നും ഇതൊരു പ്രബലമതമായിത്തന്നെ വിജയിക്കുന്നുണ്ട്.
അശോകനെസ്സംബന്ധിച്ച ഒരു വിചിത്രമായ ഒരു സംഗതി, അദ്ദേഹം മതപ്രബോധകനായ ഒരുത്തമബൗദ്ധസന്യാസിയും അതേസമയം തന്നെ, വിസ്തൃതമായ ഒരു സാമ്രാജ്യത്തിലെ അനുകരണീയനായ ഒരു മഹാരാജാവും ആയിരുന്നു എന്നതാണ്. ഏ. ഡി. ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാൎദ്ധത്തിൽ ഇന്ത്യയിൽ സഞ്ചരിച്ച ഇറ്റ്സിങ്ങ് എന്ന ചീനഭിക്ഷു തന്റെ യാത്രയിൽ സന്യാസിവേഷധാരിയായ അശോകന്റെ ഒരു വിഗ്രഹം കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇഷ്ടാനുസാരം ഗൃഹസ്ഥവൃത്തിയിൽ പ്രവേശിക്കുന്നതിന്നും ഭിക്ഷുവാകുന്നതിനും ഒരു ബുദ്ധസന്യാസിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുകൊണ്ടു് ചിലപ്പോൾ സന്യാസിയായും ചിലപ്പോൾ ചക്രവൎത്തിയായും അശോകൻ വേഷം മാറിയിരിക്കാം. വൈരാട്ടിലെ സംഘാരാമത്തിൽ ഏകാന്തവാസം ചെയ്യുന്ന കാലത്താണ് അശോകൻ തൻറ പ്രഥമ ഗൌണശിലാലേഖയും ഭാബ്രൂ ശിലാലേഖയും പരസ്യപ്പെടുത്തിയതു് എന്ന സംഗതിയും ഇവിടെ സ്മരണീയമാണു്.
അശോകൻ മതമൈത്രിയെ സൂചിപ്പിക്കുന്ന ദ്വാദശശിലാലേഖയുടെ സാരം താഴെ കൊടുക്കുന്നു:-
“ഏതൊരു സമ്പ്രദായത്തിൽപ്പെട്ട ആളായാലും, ഗൃഹസ്ഥനായാലും സന്യാസിയായാലും വേണ്ടതില്ല, ചക്രവൎത്തി അവരെ ദാനപൂജാദികളാൽ സൽക്കരിക്കും. എന്നാൽ ഈ ദാനപൂജാദികളേക്കാൾ മഹത്തരമായി പ്രിയദൎശി ഗണിക്കുന്നത് ഓരോ സമ്പ്രദായത്തിലേയും സാര