തിയെ പ്രാപിച്ചതും നാം അന്യദേശക്കാരുടെ ദാസന്മാതായിപ്പരിണമിച്ചതും.
പ്രവിശാലമായ ഈ വിശ്വാസത്തിലെ മഹാപുരുഷമാരുടെ മുന്നണിയിൽ അശോകൻ ഇന്നും പരിലസിക്കുന്നതു് അദ്ദേഹത്തിന്റെ മഹത്ത്വം ഹേതുവായിട്ടാകുന്നു. ആ മാഹാത്മാവ് ഹിന്തുക്കൾക്കു ഹൈന്ദവചക്രവൎത്തിയും ബൌദ്ധന്മാൎക്കു ബുദ്ധമതസാൎവ്വഭൌമനും ആയിരുന്നു. ബൌദ്ധൎമ്മത്തെ അവലംബിച്ച ആ മഹാരാജാവു ബുദ്ധമതപ്രചരണം മാത്രമല്ല നിൎവ്വഹിച്ചത്! എന്നാൽ പ്രാചീനഭാരതീയരുടെ മാതൃമാൻ പിതൃമാൻ ആചാൎയ്യവാൻ പുരുഷാവേദ ഇത്യാദി സത്യസനാതനമന്ത്രങ്ങളുടെ പ്രകാശനത്തെയും നിൎവ്വിഘ്നം നിറവേറ്റി. ദാസന്മാരെയും സേവകന്മാരെയും വിസ്മരിച്ചില്ല എന്നൊരു സവിശേഷതയും അദ്ദേഹത്തിന്നുണ്ടു്. അവരോടു നീതിപൂർവ്വം പെരുമാറുന്നത് ധൎമ്മവിധിയിൽ പെടുത്തിയ മറെറാരു ചക്രവൎത്തിയെ ലോകചരിത്രത്തിൽ കാണുന്നതല്ല. ഇത്രയും ഉദാരചിത്തനായ അശോകന്റെ പവിത്രാദൎശങ്ങൾ ആധുനികനായ ഓരോ ഭാരതീയന്റെയും ഹൃദയദർപ്പണത്തിൽ തങ്കലിപികൊണ്ട് അങ്കിതപ്പെടുത്തേണ്ടതായുണ്ടു്.
പരിശ്രമഫലം വലിയവനെന്നൊ ചെറിയവനെന്നൊ ഭേദമില്ലാതെ ഏവൎക്കും ഒരുപോലെ അനുഭവപ്പെടുന്നതാണെന്നും നിരന്തരം പരിശ്രമിക്കേണ്ടത് ഓരോരുത്തന്റെയും ഒഴിച്ചുകൂടാത്ത കടമയാണെന്നും അശോകൻ ശിലാലേഖകൾ മുഖേന പരസ്യം ചെയ്യുന്നു. ധൎമ്മം എന്താണെന്നു വ്യാഖ്യാനിച്ചുകൊണ്ടു ധൎമ്മനിഷ്ഠയോടു കൂടി ജീവിതം നയിക്കുവാൻ അദ്ദേഹം ഓരോ മനുഷ്യനോടും ഉപദേശിക്കുന്നു. നിത്യസത്യപ്രകാശനത്തിന്നാണ് ത