കേണമെന്ന് ഞാൻ ആജ്ഞാപിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഞാൻ എത്രതന്നെ പ്രയത്നിച്ചാലും എത്രതന്നെ രാജ്യകാൎയ്യങ്ങൾ ചെയ്താലും എനിക്ക് തൃപ്തിവരുന്നില്ല. എല്ലാ ജനങ്ങളുടേയും ഹിതത്തെ ചെയ്യുന്നത് എന്റെ കാര്യമായി ഞാൻ കരുതുന്നു. പൊതുജനക്ഷേമം പരിശ്രമംകൂടാതെ സാദ്ധ്യമല്ല സർവ്വജനങ്ങളുടേയും ഹിതം ചെയ്യുന്ന കാൎയ്യത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊരു കാൎയ്യവുമില്ല. ഈ വിശ്വത്തിലെ സകലജീവികളോടും ഉള്ള എന്റെ ഋണത്തിൽ നിന്നും മോചനം ലഭിക്കാനും അവർ ഐഹികമായും പാരത്രികമായുമുള്ള പരമസൗഖ്യം നൽകുന്നതിന്നുമാണ് ഞാൻ ഇത്രയും പരിശ്രമിക്കുന്നത്. ഈ ധൎമ്മലേഖ ചിരസ്ഥിതമാവട്ടെ. എന്റെ പുത്രപൌത്രപ്രപൌത്രന്മാർ എല്ലാ ജനങ്ങളുടേയും സുഖത്തിന്നുവേണ്ടി സർവ്വാത്മനാ പരിശ്രമിക്കട്ടെ! ഈ പരമമായ ഉദ്ദേശത്തോടുകൂടിയാണ് ഈ ലേഖ എഴുതിയതും.
സപ്തമശിലാലേഖ - എല്ലാ സ്ഥലത്തും എല്ലാ സമ്പ്രദായക്കാരായ മനുഷ്യരും ഒന്നായി വസിക്കട്ടെ! എന്തു കൊണ്ടെന്നാൽ വ്യത്യസ്തരീതികളെ അവലംബിച്ചുപോരുന്ന മനുഷ്യരെല്ലാം സംയമത്തെയും ചിത്തശുദ്ധിയേയും ഇഷ്ടപ്പെടുന്നവരാകുന്നു. പക്ഷെ, ഭിന്നരുചികളായ മനുഷ്യരുടെ ഇച്ഛയും അനുരാഗവും തമ്മിൽ ഐകരൂപമില്ലെന്നു വരാം. അവർ സംപൂൎണ്ണമായൊ ആംശികരൂപത്തിലൊ ധൎമ്മത്തെ പാലിക്കുന്നുണ്ടാവാം. ദാനം ചെയ്യാൻ കഴിയാത്തവരിലും സംയമം, ചിത്തശുദ്ധി, കൃതജ്ഞത, ദൃഢഭക്തി എന്നിവ ഉണ്ടാകേണ്ടതു് ഏറ്റവും ആവശ്യകമാണെന്നു പ്രിയദൎശിരാജാ വിശ്വസിക്കുന്നു.