വിഗ്രഹം ഇവിടെയും ഉണ്ടായിരുന്നിരിക്കാമെന്നു അനുമാനിക്കാം.
ബോമ്പായി സംസ്ഥാനത്തിൽ താണാ ജില്ലയിലെ സോപ്പറ എന്ന സ്ഥലത്തു അഷ്ടമശിലാലേഖയുടെ ചില ശകലങ്ങൾ കണ്ടുകിട്ടുകയുണ്ടായി. അതുകൊണ്ടു ഇവിടെയും ചതുർദ്ദശിലാലേഖകൾ സ്ഥിതിചെയ്തിരിക്കണം. പണ്ടു് ശൂൎപ്പരക എന്നറിയപ്പെട്ട ഈ സ്ഥലം ഒരു തുറമുഖവും കച്ചവടകേന്ദ്രവും മാത്രമല്ല, ഹൈന്ദവരുടെ ഒരു പുണ്യസ്ഥാനം കൂടി ആയിരുന്നു.
കലിംഗസംസ്ഥാനത്തിൽ രണ്ടു സ്ഥലങ്ങളിലാണു് ലേഖകൾ കണ്ടിരിക്കുന്നതു്. അവയിലൊന്നു തോശാലി (ഗൌളി) ക്കു സമീപം അശ്വത്ഥാമ എന്ന പാറയിന്മേൽ കൊത്തിവെച്ചിരിക്കയാണ്. ഭുവനേശ്വരത്തിൽ നിന്ന് 7 നാഴിക തെക്കായി പുരിജില്ലയിലാണ് ഈ സ്ഥലം. ഇവിടെ ദ്വാദശലേഖയ്ക്കും ത്രയോദശലേഖയ്ക്കും പകരം രണ്ടു പ്രാന്തീയലേഖകളാണ് സ്ഥലം പിടിച്ചിരിക്കുന്നതു്. ലേഖകളുടെ പിൻഭാഗത്തുകാണുന്ന മേടയിൽ ഒരു ഗജരാജചിത്രം കമനീയമായി കൊത്തിവെച്ചിരിക്കുന്നു. അതിനെ സംരക്ഷിച്ചുകൊണ്ട് മരംകൊണ്ടുള്ള ഒരു വിതാനവും സ്ഥിതിചെയ്തു.
ഗഞ്ചാംപട്ടണത്തിൽനിന്നു 18 നാഴികയ്ക്കകലെ ഋഷികുല്യ എന്ന പുഴയുടെ കരയിൽ ജൗഗഢ എന്നൊരു സ്ഥലമുണ്ട്. കലിംഗദേശത്തിലെ രണ്ടാം ലേഖാസമൂഹം അവിടെയാണുള്ളത്. മൂന്നു ശിലാഖണ്ഡങ്ങളിന്മേലാണ് ഇവിടെയുള്ള ലേഖകൾ എഴുതിയിരിക്കുന്നത്. പന്ത്രണ്ടാമത്തേയും പതിമൂന്നാമത്തെയും ലേഖകൾക്കു