ബിന്ദുസാരന്റെ മരണാനന്തരം സിംഹാസനം കരസ്ഥമാക്കുവാൻ സുമനൻ ഉദ്യമിച്ചതായും ഒരു കഥയിൽ പറയുന്നു. ഈ കയ്യേറ്റത്തെ തടയുവാൻ അശോകൻ യുദ്ധം ചെയ്യേണ്ടതായി വന്നുവെന്നും സുമനനെ കീഴടക്കി തന്റെ രാജ്യത്തിലെ സ്ഥിതിഗതികൾ ശാന്തമായതിന്റെ ശേഷമാണ് അഭിഷേക മഹോത്സവം കൊണ്ടാടിയതെന്നും ആ കഥയിൽ കാണുന്നു. പ്രാചീനകാലത്തിൽ ഇത്തരം സംഭവങ്ങൾ അപൂൎവ്വങ്ങളല്ലായിരുന്നതുകൊണ്ട് ഇക്കഥ പക്ഷെ വാസ്തവമായെന്നു വരാം. സഞ്ചാരസൗകര്യങ്ങൾ വളരെ കുറവായ അക്കാലത്ത് വിദൂരയാത്രയ്ക്ക് അധികകാലം വേണ്ടതായി വരികയാലും അഭിഷേക മഹോത്സവത്തിൽ സംബന്ധിക്കാൻ അധീനസ്ഥരാജ്യങ്ങളിൽ നിന്നും വിദൂരസ്ഥിതങ്ങളായ വിദേശങ്ങളിൽനിന്നും രാജപ്രതിനിധികൾ എത്തിയിരുന്നതുകൊണ്ടും അഭിഷേകത്തിന്നു കാലവിളംബം നേരിട്ടുവെന്നും വരാമല്ലോ.
ബുദ്ധമതത്തിൽ വിശ്വസിക്കുന്നതിനുമുമ്പ് അശോകൻ മഹാനിഷ്ഠൂരനും ദുരാചാരിയും രാക്ഷസസദൃശനും ആയിരുന്നുവെന്നു ബൌദ്ധരുടെ മഹാവംശചരിത്രത്തിലും മറ്റുചില കഥകളിലും കാണാം. ബിന്ദുസാരന്നു തന്റെ 18 രാജ്ഞിമാരിൽ ആകെ 101 പുത്രന്മാർ ഉണ്ടായിരുന്നതായും അവരിൽ ഏറ്റവും എളയവനായ തിഷ്യനെമാത്രം ഒഴിവാക്കി മറ്റു 99 സഹോദരന്മാരേയും അശോകൻ വധിച്ചതായും ഈ കഥകളിൽ പറയുന്നു. ഇങ്ങിനെ നിണപ്പുഴ ഒഴുക്കീട്ടാണുപോൽ അശോകൻ സിംഹാസനത്തിലേറിയതു്. ഇത്രയും ക്രൂരനായ അശോകൻ ബുദ്ധധൎമ്മത്തിന്റെ അലൌകികപ്രഭാവത്താൽ മാനസാന്തരപ്പെട്ട് സദാചാരിയും അഹിംസാനിഷ്ഠനും അത്ഭുതശാന്തിപ്രിയനും ആയിത്തീൎന്നുവെന്നു ചിത്രീകരിക്കുകയാണ് ആ കഥകളിൽ ചെയ്തിട്ടുള്ളതു്.