താൾ:Rasikaranjini book 5 1906.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഔഷധിനിഘണ്ഡു ഒരു ഉത്തമ ഭാഷയുടെ പരിഷ്കൃത ലക്ഷണം ആ ഭാഷയിൽ വേണ്ടത്തക്ക വാക്കുകൾക്ക് തികഞ്ഞ നിഘണ്ടു ഉണ്ടാവുകയാണ്. മലയാളഭാഷക്ക് ഈ നിലയിലെത്തുവാൻ കാലമായിട്ടില്ലെന്നാണ് അതിന്റെ ആയുർദ്ദായം ഗണിക്കുമ്പോൾ കാണുന്നത്. അങ്ങിനെയല്ലെങ്കിൽ ഭാഷാഭിമാനികളായ പണ്ഡിതന്മാരുമുള്ള ഇക്കാലത്തും ഒരു നല്ല നിഘണ്ഡു ഉണ്ടാവാതിരിപ്പാനിടയില്ലല്ലൊ എന്നും മറ്റും വിചാരിച്ച് ഈ അതിമോഹത്തിൽനിന്നു മനസ്സു പിൻവലിപ്പിച്ചിരിക്കുന്ന ഞങ്ങൾക്ക് അഭിപ്രായത്തിന്നയച്ചു കിട്ടിട്ടുള്ള 'ഔഷധനിഘണ്ഡു' വീണ്ടും ആശക്കൊരു വിത്തിടുകയാണ് ചെയ്തിട്ടുള്ളത്. സ്ഥിരോത്സാഹിയായ തയ്യിൽ കുമാരൻ കൃഷ്ണൻ അവർകൾ എട്ടുപത്തുകൊല്ലം ശുഷ്കാന്തിയോടുകൂടി പ്രയത്നം ചെയ്തു നിഷ്കർഷിച്ചു നിർമ്മിച്ചിട്ടുള്ള ഈ പുസ്തകം കൊല്ലവർഷം പതിനൊന്നാം നൂററാണ്ടിൽ പുറത്തു വന്നിട്ടുള്ള ഉത്തമഗ്രന്ഥങ്ങളിൽ അത്യുത്തമസ്ഥാനത്തെ അർഹിക്കുന്നുണ്ടെന്നുള്ളതിന്നു തർക്കമില്ല.

ഔഷധങ്ങൾക്കുള്ള സംസ്കൃതനാമങ്ങൾക്ക് മലയാളഭാഷയിൽ എന്നല്ല പല ഭാഷകളിലും ഉള്ള സംജ്ഞകളും അവയുടെ രസവീർയ്യവിപാകങ്ങളും , വേര്, കിഴങ്ങ്, തൊലി, കാതല്, ഇല, പൂ, കായ എന്നീ സാധനങ്ങളിൽ ഏതേതാണുപയോഗക്കപ്പെടുന്നതെന്നും വേറെ പല പ്രയോഗഭേദങ്ങളും ഈ നിഘണ്ഡുകൊണ്ട് എളുപ്പത്തിൽ അറിയാറാക്കി തീർന്നിട്ടുണ്ട്. ഈ പുസ്തകം പ്രത്യേകിച്ചു വൈദ്യന്മാർക്ക് ഉപയോഗപ്പെടുന്നതാണെങ്കിലും വൈദ്യനിലയിലല്ലാതെ ഒരു കവിയുടെ നിലയിൽ നോക്കുമ്പോഴും പലവിധത്തിലും ഉപകാരിക്കുന്നതാണെന്നു ഞങ്ങൾക്ക് അനുഭവം വന്നിട്ടുണ്ട്. പദാർത്ഥപരിചയമോ , ഭാഷാപരിചയമോ, ലോകവ്യുൽപത്തിയോ ആവശ്യപ്പെടുന്നവർക്കെല്ലാം ഈ നിഘണ്ഡുവിൻറ സഹായം ഒട്ടും ചില്ലറയല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/59&oldid=168983" എന്ന താളിൽനിന്ന് ശേഖരിച്ചത്