താൾ:Rasikaranjini book 5 1906.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിൽ മദ്യംസേവിക്കുന്നതു മുഖ്യമാണ്. മദ്യം സേവിച്ചാൽ സകല പാപങ്ങളും നീങ്ങി പരമാത്മജ്ഞാനം ഉണ്ടാവുമെന്നാണ് അവരുടെവിശ്വാസം. ഈഴവർ ശവസംസ്കാരാദികളിലും ആചാരനിഷ്ഠയുള്ളവരാണ്. ദരിദ്രന്മാർ ശവം കുഴിച്ചിടുകയും സമ്പന്നന്മാർ ദഹിപ്പിക്കുകയും ചെയ്യുന്നു. ശവത്തെ കുളിപ്പിച്ചുശുചിയായ വസ്ത്രം ധരിപ്പിച്ചു ഭസ്മവും ചന്ദനവും പൂശുക പതിവാണ്. വായിൽ അരിയും നാളികേരവും ഇടിച്ചിടും. ഉദകക്രിയ ചെയ്യുന്നതു പുത്രനോ മരുമകനോ ആയിരിക്കും. സഞ്ചയനം അഞ്ചാം ദിവസമാണ് കഴിക്കുന്നത്. സാധാരണയായി പതിനഞ്ചു ദിവസം അവർപുലകൊള്ളും. പത്തു പതിനൊന്നു ദിവസം മാത്രം പുലകൊള്ളുന്നവരും ഉണ്ട്. എണങ്ങനാണ് തളിക്കുന്നത്.പതിനാറാം ദിവസം ഷോഡശകർമ്മം കഴിക്കുന്നു. അതിനുശേഷം പിണ്ഡവും അസ്തിയും കൂടി എടുത്ത് ഒരു ലോഹ പാത്രത്തിലാക്കി ആ പാത്രം പട്ടുകൊണ്ടു പൊതിഞ്ഞു പുഴയിലോ മറ്റു പുണ്യതീർത്ഥത്തിലോ കൊണ്ടുപോയി ഇടുന്നു. അസ്തിയെ സ്ഥാപിക്കുവാൻ പോകുന്നതുചിലപ്പോൾ വാദ്യാഘോഷങ്ങളോടുകൂടി ആയിരിക്കും. നാല്പത്തൊന്നോ ദീക്ഷയോ പതിവുണ്ട്. ശ്രാദ്ധവും ഊട്ടും നിവർത്തിയുള്ളവർ കാശിരാമേശ്വരം മുതലായ പുണ്യസ്ഥലങ്ങളിൽ ചെന്നു പിണ്ഡംവെക്കും.

പ്രേതബാധ ഉണ്ടെന്നു കണ്ടാൽ വെള്ളികൊണ്ടു പ്രേതപ്രതിമ ഉണ്ടാക്കിബ്രാഹ്മണരെകൊണ്ടു തിലഹോമാദികൾ കഴിപ്പിച്ചുവരാറുണ്ട്. അതിന്നായി ക്ഷേത്രകാർയ്യദർശികൾ പക്കൽ വക നിർത്തുക പതിവാണ്. ക്രൂരമൃത്യു സംഭവിച്ചാൽ മന്ത്രകർമ്മങ്ങളൊക്കൊണ്ട് ആത്മശുദ്ധിവരുത്തിയതിനു ശേഷമേ ശവം എടുക്കുക പതിവുള്ളു. കന്യകമാരുടെ ശ്മശാനസ്ഥലത്തു പാല വൃക്ഷം നാട്ടി ദിവസേന വിളക്കും കൊളുത്തിവെച്ച് അതൊരു ദൈവാലയം പോലെ അവർ വന്ദിച്ചു വരാറുണ്ട്. പ്രസവത്തിലും മസൂരിദീനത്തിലും മരിച്ചവർ പിശാചുക്കളായി ഭവിക്കുമെന്ന് അവർസാധാരണയായി വിശ്വസിച്ചുവരുന്നു. ആ വക ശവങ്ങളെ ദൂരസ്ഥലത്തോ കാടുകളിലൊ ആണ് അവർ മറവു ചെയ്യുന്നത്. പ്രേതങ്ങൾ മനുഷ്യരെ ബാധിക്കാതിരിപ്പാൻ മന്ത്രകർമ്മങ്ങൾ കഴിപ്പിക്കാറും ഉണ്ട്.ഇവരുടെ പുരോഹിതന്മാർ ഈഴുവാത്തികളാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/109&oldid=168863" എന്ന താളിൽനിന്ന് ശേഖരിച്ചത്