താൾ:Ramarajabahadoor.djvu/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ സംവാദത്തിന്റെ അവസാനത്തിൽ, ഗൗണ്ഡപരമാർത്ഥം അറിവാനും തന്റെ പ്രതിജ്ഞാനുസാരമായുള്ള ശ്രമങ്ങളുടെ വർത്തമാനസ്ഥിതികൾ അറിയിപ്പാനുമായി ഒരു ദൂതനെ പെരിഞ്ചക്കോടൻ ഒരു ഗൂഢമാർഗ്ഗത്തിൽക്കൂടി ടിപ്പുവിന്റെ പാളയത്തിലേക്കയച്ചു. പെരിഞ്ചക്കോടനും വ്യാജഅജിതസിംഹനും മാങ്കാവിലോട്ടു സംക്രമം സാധിച്ചത് ഈ മലയിടുക്കിന്റെ സൗകര്യംകൊണ്ടായിരുന്നു. പെരിഞ്ചക്കോടൻ അയച്ച ദൂതന്റെ മടക്കത്തിനു ദിവസം നാലഞ്ചു വേണ്ടിവന്നു. അജിതസിംഹരാജാവ് കരൂപ്പടനയിൽനിന്നു ബോട്ടു കയറിയ മുഹൂർത്തത്തിൽ വ്യാജ അജിതസിംഹൻ മുമ്പിലത്തേതിലും രമണീയമായുള്ള വേഷത്തിലും ഭൂഷണങ്ങൾ അണിഞ്ഞും നമ്മുടെ വൃദ്ധദസ്യുക്കളുടെ സാന്നിദ്ധ്യംകൊണ്ട് ആ രംഗത്തിനു വന്നുകൂടീട്ടുള്ള അസ്വാരസ്യത്തെ പരിഹരിപ്പാൻ പുറപ്പെട്ടു. മാങ്കാവുഭവനത്തിന്റെ മുൻതളത്തിൽ മാരീചസുബാഹുക്കൾ എന്നപോലെ സഹോദരത്വം നടിച്ച് ഐശ്വര്യകാലത്തിലെ ബാദരായണന്റെ അഭാവത്തെ പരിഹരിക്കുന്ന കലിദ്വാപരന്മാരെ കണ്ടപ്പോൾ അജിതസിംഹൻ ഗൗണ്ഡപാദങ്ങളിൽ സോപചാരം പ്രമാണം ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/319&oldid=168171" എന്ന താളിൽനിന്ന് ശേഖരിച്ചത്