താൾ:Ramarajabahadoor.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സമർപ്പണം

ഈ മാസത്തിൽ ഞാൻ അറുപത്തൊന്നാമത്തെ വയസ്സിലോട്ടു പ്രവേശിക്കുന്നു. തരണം ചെയ്തിട്ടുള്ളതു മൃദുമഞ്ജുളമായ ഒരു ജീവിതം അല്ല. മഹാമകുടന്മാരുടെ സുഹൃദ്ഭാവം, സഹോദരഭാവം, വിധേയഭാവം എന്നിതുകൾ എന്നെ വഴിപോലെ അനുഗ്രഹിച്ചിട്ടുണ്ട്. ഈ അനുഗ്രഹംകൊണ്ട്, ലോകഗതിയുടെ രഹസ്യങ്ങൾ ഏതാണ്ടൊരുവിധം ഗ്രഹിപ്പാൻ അവസരവും കിട്ടിയിട്ടുണ്ട്. ഇനി സ്വൈര്യജീവിതം മാത്രം കാംക്ഷിക്കുന്ന ഈ അവസ്ഥയിൽ വൃദ്ധന്മാർക്കു സഹജമായുള്ള ചിന്താസക്തികൊണ്ടു ചിലതു സ്മരിച്ചുപോകുന്നു. ബന്ധുസമ്പത്തിൽ കൗബേരമായ ഒരു അവസ്ഥ എനിക്ക് ഉണ്ടായിരുന്നതിനിടയിൽ പലർക്കുവേണ്ടിയും പല കാര്യങ്ങളിലും ഞാൻ വിധേയത്വം അനുവർത്തിച്ചിട്ടുണ്ട്. ഈ ഉദ്യമങ്ങളിൽ പല വേഷപ്പകർച്ചകളും കണ്ട് മനസ്സു തളർന്നിട്ടും ഉണ്ട്. സമുദായസേവനത്തിനിടയിൽ നേരിട്ട ഈ ക്ഷീണങ്ങളിൽ ഒരു കേന്ദ്രത്തിലെ സുസ്ഥിരമായ സൗഹാർദ്ദം ബലവത്തരമായി എന്നെ താങ്ങിയിട്ടും ഉണ്ട്. മുപ്പതിൽപ്പരം കൊല്ലത്തിനുമുമ്പ് ആരംഭിച്ച ഈ സ്നേഹബന്ധം അമിതമായ മൈത്രീഭാവവും ഇച്ഛാഭഞ്ജകമായ അനാദരവും കൂടാതെ ഇതുവരെ നിശ്ചഞ്ചലനിലയിൽത്തന്നെ വർത്തിക്കുന്നു. വയോവൃദ്ധിയിലെ ഗ്രന്ഥനിർമ്മാണങ്ങൾക്കുവേണ്ട മനസ്സ്വാസ്ഥ്യവും പ്രോത്സാഹനവും ഈ ബന്ധുവിൽനിന്ന് എനിക്കു കിട്ടിയിട്ടുള്ളത് ഒരു അമൂല്യാനുഗ്രഹമായി ഞാൻ പരിഗണിക്കുന്നു. ലോകകാര്യചാതുര്യത്താലും, സ്വയം പ്രകാശിച്ചുള്ള പ്രതിഭാവിശേഷത്താലും, അനുസ്യൂതമായ മഹാഭാഗ്യത്താലും, സർവ്വോപരി രാജ്യത്തിന്റെ രക്ഷാനിദാനമായുള്ള പൊന്നുതിരുമേനിയുടെ തിരുവുള്ളപ്രഭാവത്താലും അനുഗൃഹീതനും സമുദായോത്ക്കർഷത്തെ ദീക്ഷിച്ചുള്ള മഹാകാര്യങ്ങൾ സംബന്ധിച്ചതായ എന്റെ പല അപേക്ഷകളെയും സാധിച്ച്, പരമാർത്ഥത്തിൽ ഒരു സമുദായാഭിമാനിക്കു കിട്ടേണ്ട പ്രശസ്തിയെ അർഹിക്കുന്ന മതിമാനും ആയ തിരുവട്ടാറ്റ് അമ്മവീട്ടിൽ മാഹാരാജമാന്യരാജശ്രീ ടി. ശങ്കരൻതമ്പി അവർകളോട് എനിക്കുള്ള പ്രത്യാദരത്തിന്റെയും കൃതജ്ഞതയുടെയും സ്മാരകമായി ഈ ഗ്രന്ഥത്തെ അദ്ദേഹത്തിനു സമർപ്പിച്ചുകൊള്ളുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/1&oldid=167927" എന്ന താളിൽനിന്ന് ശേഖരിച്ചത്