താൾ:RAS 02 01-150dpi.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ കവിയുടെ ഗുരുനാഥനായ പടിഞ്ഞാറെക്കോവിലകത്തു മാനവിക്രമ ഏട്ടൻ തമ്പുരാൻ എന്ന പ്രസിദ്ധ കവിയായ കോഴിക്കോട്ടു നെടുത്രാൾപ്പാടു തമ്പുരാൻ തിരുമനസ്സുകൊണ്ട് ഈ പുസ്തകത്തെപ്പറ്റി പ്രശംസിച്ചെഴുതീട്ടുള്ളത് ശിഷ്യവാത്സല്യംമൂലം യഥാർത്ഥത്തിൽ നിന്നു കവിഞ്ഞ് അതിശയോക്തിയിലേക്കു കടന്നിട്ടുണ്ടെന്നു ലേശം പോലും വിചാരിച്ചുകൂടാ. ഞങ്ങൾക്കും അവിടുത്തെ ആ അഭിപ്രായങ്ങളെ എടുത്തു ചർവ്വിത ചർവ്വണം ചെയ്യുവാൻ തോന്നിപ്പോകുന്നു.

എന്നാൽ ഈ കവിക്ക് കിളിപ്പാട്ടുരീതിയിൽ അതിപരിചയം സിദ്ധിച്ചിട്ടില്ലായിരിക്കുമോ എന്നു ഞങ്ങൾക്ക് ചിലഘട്ടങ്ങൾ വായിക്കുമ്പോൾ തോന്നീട്ടുണ്ടെന്നും പറയേണ്ടിവരുന്നു. രണ്ടാമത്തെ അദ്ധ്യായത്തിൽ വൃത്തരീതിക്ക് ചരണങ്ങളുടെ ഒടുവിലുള്ളതിന്റെ മുന്നക്ഷരം ഗുരുവാക്കി പ്രയോഗിക്കുന്നത് അഭംഗിയാണെന്ന് കവി ഓർത്തിട്ടില്ലായിരിക്കാം. "ചേരുന്നിതായതോർക്കുമ്പോൾ മനോമൗഢ്യം, തീരുമാറിന്നിയെന്നാലും പറകനീ" ഈ ഉദാഹരണത്തിൽ "ഓർത്തിട്ടു ബുദ്ധിക്ഷയം" എന്നെ മറ്റൊ ആദ്യത്തെ ചരണം അവസാനിപ്പിച്ചാൽ രണ്ടാം ചരണംപോലെതന്നെ ഒഴുകും ലാളിത്യവും കിട്ടുമായിരുന്നു. ചിലദിക്കുകളിൽ സംസ്കൃതവിഭക്തി പ്രയോഗധാടി ആവശ്യമില്ലാതേയും പ്രകടിപ്പിച്ചിട്ടില്ലെന്നില്ല. "ശിവഗീതാം - ചൊൽവാൻ" എന്നും മറ്റുമുള്ളേടത്ത് "ശിവഗീത" എന്നുമാത്രം പ്രയോഗിച്ചാലും പോരായ്മയുണ്ടോ? ഇങ്ങിനെ പറഞ്ഞുതുടങ്ങിയാൽ അതുമിതമായിട്ടു വേറേ ചില ദോഷങ്ങളുമുണ്ടായിരിക്കാം. എങ്കിലും കവിതാഗുണവും വിഷയഗുണവും കവിയുടെ മനോഗുണവും കൂടി നോക്കുമ്പോൾ ഗുണത്രയാസ്പദമായ ഈ ശിവഗീതാപുസ്തകം ഗുണത്രയാത്മകമായ പ്രപഞ്ചത്തിൽ വൈഷയികന്മാരായവർക്കുപോലും കേവലം നിർഗ്ഗുണബ്രഹ്മതത്വ ബോധത്തിന്ന് ഉപയുക്തമാകയാൽ ഏവരും വാങ്ങിവായിച്ചു നോക്കേണ്ടതാകുന്നു.

അന്യമതക്കാരായവരും ഈവക ഹിന്തുമതതത്വങ്ങളേ വായിച്ചറിഞ്ഞിരുന്നുവെങ്കിൽ അവർക്കും മതഭക്തിവിശ്വാസങ്ങളിൽ അധികം ദൃഢതയുണ്ടാവുമെന്നു മാത്രമല്ലാ അന്ന്യമതനിന്ദയിൽ നിന്നൊഴിവുകിട്ടുവാനും എളുപ്പമുണ്ടാകുമായിരുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/62&oldid=167376" എന്ന താളിൽനിന്ന് ശേഖരിച്ചത്