താൾ:Puranakadhakal Part 1 1949.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

11. മൂന്നുതരത്തിലുള്ള ദുഃഖങ്ങൾ 1. ആദ്ധ്യാത്മികം, 2. ആധിഭൌതികം, 3.. ആധിദൈവികം. ആദ്ധ്യാത്മികംതന്നെ ശാരീരം, മാനസം എന്നു രണ്ടു വിധം. മൃഗങ്ങൾ, മനുഷ്യർ, പക്ഷികൾ, പാമ്പുകൾ, പിശാചുക്കൾ ഇവർമൂലം ഉണ്ടാകുന്നതിന്നു് ആധിഭൌതികം എന്നു പേർ. കാറ്റു, മഴ, മിന്നൽ, ചൂട്, തണുപ്പ് മുതലായതുകൊണ്ടുണ്ടാകുന്നതാണു് ആധിദൈവികം എന്നു പറയപ്പെടുന്നതു്. വിസ്തൃതമായ വിവരണം ആവശ്യപ്പെടുന്ന അദ്ധ്യാപകന്മാർ വിഷ്ണുപുരാണത്തിൽ താപത്രയവർണ്ണനം നോക്കട്ടെ.

12. ആമ്പൽപ്പൂക്കൾ നിറഞ്ഞ സരസ്സു് രാത്രി ആകാശത്തെയാണല്ലൊ വർണ്ണിക്കുന്നതു്. ആമ്പൽ രാത്രി വിടരുന്ന ഒരു പൂവാണുതാന്നും. ചന്ദ്രൻ നക്ഷത്രങ്ങളുടെ പതിയാണെന്നു പറയാറുള്ളതുപോലെ ആമ്പലിന്റെ ബന്ധുവാണെന്നും കവികൾ പറയാറുണ്ടു്. വ്യാസന്റെ വർണ്ണനയുടെ ഭംഗിയും ഔചിത്യവും നോക്കുക.

13. അശ്വമേധയാഗം-- അശ്വത്തെ കൊന്നു ഹോമിക്കുന്നതായ ഒരു യാഗം. ഈ യാഗം സാധാരണയായി ദിഗ്വിജയം ചെയ്തു നാടു മുഴുവനും കീഴടക്കിയ സാർവ്വഭൗമന്മാർ മാത്രമേ ചെയ്യാറുള്ളു. അശ്വമേധം നടത്തുവാൻ ആഗ്രഹിക്കുന്ന രാജാവു് ആദ്യമായി ഒരു കുതിരയെ നാടുതോറും സ്വൈരമായി സഞ്ചരിപ്പാൻ വിട്ടയയ്ക്കും, ദിഗ്ജയത്തിനായി പുറപ്പെട്ട സൈന്യത്തിന്റെ പുരോഗാമിയായ അശ്വമേധാശ്വമാണെന്നു് അടയാളത്താൽ അറിയാവുന്ന കുതിരയെ പിടിച്ചു കെട്ടിയിടുന്ന രാജാക്കന്മാരോടെല്ലാം പൊരുതി ജയം നേടിയശേഷമേ യാഗം നടത്തുക പതിവുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/58&oldid=215619" എന്ന താളിൽനിന്ന് ശേഖരിച്ചത്