6. അഷ്ടദിക്പാലന്മാർ-- ഇന്ദ്രൻ, യമൻ, വരുണൻ, കുബേരൻ എന്നിവർ ക്രമത്തിൽ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ നാലു ദിക്കുകളുടേയും, അഗ്നി, നിഋതി, വായു, ഈശാനൻ എന്നീ നാലുപേർ നാലു കോണുകളുടേയും നാഥന്മാരാകുന്നു.
7. വനദേവതകൾ-- കാടു കാക്കുന്ന ഒരുജാതി ദേവന്മാർ. അവർ മരങ്ങളിലോ, പുഴയിലോ മറ്റോ ആണു് വസിക്കുക.
8. കൃതയുഗം-- കുട്ടികൾ കടലാസ്സുതോണി മുതലായ കളിസ്സാമാനങ്ങൾ ഉണ്ടാക്കി നശിപ്പിക്കുന്നതുപോലെ ഈശ്വരനും, നേരമ്പോക്കിനായി, ലോകത്തെ സൃഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു സൃഷ്ടി കഴിഞ്ഞാൽ പിന്നത്തെ പ്രളയംവരെ (ലോകനാശംവരെ) ഉള്ള കാലത്തെ നാലായി പകുത്തു കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നു നാലു പേർ കൊടുത്തിരിക്കുന്നു.
9. പരലോകം-- മനുഷ്യർ മരിച്ചാൽ അവരുടെ ജീവൻ മറ്റൊരു ദിക്കിലേയ്ക്കു പോകുമത്രെ. ആ പ്രദേശത്തെയാണു് പരലോകമെന്നു പറയുന്നതു്. അതു സ്വർഗ്ഗം, നരകം എന്നു രണ്ടായിട്ടുണ്ടു്. പുണ്യങ്ങൾ ചെയ്ത ജീവൻ സ്വർഗ്ഗത്തിൽ പോയി സുഖിക്കുകയും, പാപം ചെയ്തതു നരകത്തിൽ ചെന്നു കഷ്ണിക്കുകയും ചെയ്യും.
10. പഞ്ചയജ്ഞം-- ഒരു ഗൃഹസ്ഥൻ ദിവസംപ്രതി വീഴ്ചകൂടാതെ നടത്തേണ്ടതായി അഞ്ചു കർമ്മങ്ങളുണ്ടു്. അവയ്ക്കു പഞ്ചയജ്ഞമെന്നു പേർ. അവയിൽ ഒന്നാണു് അതിഥികളെ പൂജിക്കുന്നതു്.