താൾ:Puranakadhakal Part 1 1949.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
18
പുരാണകഥകൾ

ത്തെ കഥ എന്തായിരിക്കും? നേരിനെ നിലനിൎത്തേണ്ടുന്ന ആവശ്യമില്ലെങ്കിൽ പിന്നെ എന്തിനാണു് മഹാബലിചക്രവൎത്തി മൂന്നുലോകവുമുപേക്ഷിച്ചു് ഒരു മുക്കിൽപോയി മിണ്ടാതിരിക്കുന്നതു്? അപ്രകാരമുള്ള സത്യത്തെ നശിപ്പിക്കുന്നൻ എന്തിനെത്തന്നെ നശിപ്പിക്കുന്നില്ല? അതുകൊണ്ടു് എന്റെ സത്യനിഷ്ഠയെ ഉപേക്ഷിപ്പാൻ നിങ്ങളാരും ഉപദേശിക്കരുതു്. പരിശുദ്ധവും അഗാധവുമായ സത്യതീൎത്ഥത്തിൽ കളിച്ചു പാപങ്ങളെ കളഞ്ഞു ഞാൻ സത്യലോകത്തെ പ്രാപിക്കട്ടെ.

സഖികൾ__നന്ദേ, നിന്റെ ധൎമ്മശ്രദ്ധ കുറേ കേമം തന്നെ. ധൎമ്മം നടത്തുന്നതിൽ ഒന്നാമത്തവളായ നിനക്കു് എല്ലാം നന്നായിവരും, നിന്നെപ്പോലെ തെളിഞ്ഞ മനസ്സുള്ളവൎക്കു് ഒരിടത്തും ഒരാപത്തും നേരിടുന്നതല്ല. നീ ദുഃഖിക്കാതെ പൊയ്‌ക്കൊൾക.

ഇങ്ങിനെ സഖിമാരോടു യാത്രപറഞ്ഞു പിരിഞ്ഞു കാട്ടിലേയ്ക്കു പുറപ്പെട്ട നന്ദ കുട്ടിയെ രക്ഷിച്ചുകൊള്ളുവാനായി പഞ്ചഭൂതങ്ങളോടും നവഗ്രഹങ്ങളോടും അഷ്ടദിൿപാലന്മാരോടും പ്രാൎത്ഥിച്ചു് ഒടുവിൽ വനദേവതകളെ വിളിച്ചുംകൊണ്ടുപറഞ്ഞു.__

“അച്ഛനുമമ്മയുമില്ലാതെ വിശപ്പുകൊണ്ടു വലഞ്ഞും ദാഹകൊണ്ടു തളൎന്നും ഈ വൻകാട്ടിൽ നിലവിളിച്ചുകൊണ്ടു് അലഞ്ഞുനടക്കുന്ന എൻ്റെ കുട്ടിയെ ഇവിടെ കുടികൊള്ളുന്ന വനദേവതകൾ രക്ഷിച്ചുകൊള്ളട്ടെ.”

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/24&oldid=216764" എന്ന താളിൽനിന്ന് ശേഖരിച്ചത്