ഈ പ്രകൃതത്തിൽ വേറെ ഒരു സംഗതി പറവാനുള്ളത് "കയ്യെഴുത്ത്, അല്ലെങ്കിൽ കണ്ടെഴുത്ത്," എന്നു പറയുന്നതിനെക്കുറിച്ചാകുന്നു. ഇംഗ്ലീഷിൽ, കയ്യെഴുത്തിന്റെ വടിവിനെ വ്യവസ്ഥപ്പെടുത്തുന്നതിനു പലതരം കോപ്പിബുക്കുകളുണ്ട്. മലയാളത്തിൽ നല്ലതായ ഒരു കോപ്പിബുക്കില്ലാത്തതുകൊണ്ടു വിദ്യാൎത്ഥികളുടെ മലയാളം കയ്യെഴുത്തിന്റെ കാര്യം വളരെ പരുങ്ങലാണ്. ഭംഗിയെന്നു പറയുന്നത് ഒരു വസ്തുവിന്റെ ഓരോഭാഗങ്ങൾക്കും അന്നോന്യമുള്ള യോജിപ്പാണല്ലൊ. അക്ഷരങ്ങളുടേയും ആകൃതിക്കു ന്യൂനതയില്ലാതിരിക്കേണ്ടതിനു പുറമെ, അക്ഷരങ്ങൾ തമ്മിൽ ഇംഗ്ലീഷ് രീതിപോലെ, ഒന്നോടൊന്നു തൊടാതിരിക്കരുത്. രണ്ടക്ഷരങ്ങൾ തമ്മിലുള്ള അകലത്തിന്റെ ഇരട്ടിയായിരിക്കേണം രണ്ടുവാക്കുകൾ തമ്മിലുള്ള അകലം ആദ്യ കാലങ്ങളിൽ അക്ഷരങ്ങൾ തമ്മിലുള്ള അകലത്തിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ അകലം വാക്കുകൾ തമ്മിലുണ്ടായിരിക്കുന്നതു നല്ലതാകുന്നു. ഇങ്ങിനെ അക്ഷരങ്ങളും വാക്കുകളും ശരിയായ അകലത്തിൽ എഴുതുന്നതായാൽ, എഴുത്തിന്റെ വടിവിനു വളരെ വിശേഷമായ ഗുണമൊന്നുമുണ്ടായില്ലെങ്കിലും, ആകപ്പാടെ ഒരു "ആനച്ചന്ത"മുണ്ടായിരിക്കുന്നതാണ്. ഇങ്ങിനെ മനസ്സിരുത്തി എഴുതി ശീലിക്കുന്ന ഒരു വിദ്യാൎത്ഥിയുടെ കയ്യക്ഷരം കാലക്രമേണ നന്നാവാതെ നിവൃത്തിയില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.