സൂകങ്ങളെഴുതേണമെന്നാവശ്യപ്പെട്ടതു്. അതുപ്രകാരം എഴുതുവാൻ തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേയ്ക്കു പാഠ്യക്രമം മാറ്റുകയാൽ മുമ്പിലത്തെ പണി അവിടെ നിർത്തി പുതിയ പാഠ്യക്രമമനുസരിച്ച് ഒന്നെഴുതേണ്ടി വന്നു. ഇത്രയുമാണു് ഈ പുസ്തകപരമ്പരയുടെ ചരിത്രം. പാഠ്യ സിദ്ധാന്തങ്ങൾ പ്രകാരം സാധാരണ കാണുന്ന വസ്തുക്കളിൽ നിന്നും, സംഭവങ്ങളിൽ നിന്നും ശാസ്ത്രതത്വങ്ങളിലേക്കു കടന്നു ചെന്നു കണ്ടുപിടിക്കുവാനാണു് ശ്രമം ചെയ്തിരിക്കുന്നത്. തത്വങ്ങളെ വിശദമാക്കുവാൻ വേണ്ടുവോളം ഉദാഹരണങ്ങളും ചേർത്തിട്ടുണ്ടു്. ഈ പുസ്തകങ്ങളിലെ സാങ്കേതിക പദങ്ങൾ മിക്കവാറും ഗവണ്മണ്ടു പ്രസിദ്ധീകരണങ്ങളിൽ നിന്നാണ്. വേണ്ടുന്ന പുസ്തകങ്ങൾ തന്നു സഹായിച്ചു ഈ കൃത്യത്തിനു എന്നെ പ്രേരിപ്പിച്ച മെ. സുന്ദരയ്യർ ആൻറ് സൺസിനോടും, ഇതിനു വേണ്ടുന്ന ചില ചിത്രങ്ങൾ ഇന്ത്യൻ മഷിയിൽ വരച്ചുതന്ന എന്റെ സഹോദരൻ കെ. ഗോപാലൻകുട്ടി മേനോൻ ബി. എ. യോടും, കെ.നാരായണപ്പിഷാരോടി ബി. എ. യോടും, ഇതിന്റെ പ്രൂഫ് വായിച്ചു തിരുത്തി ചിലേടങ്ങളിൽ ഉചിതമെന്നു തോന്നിയ സാങ്കേതികപദങ്ങളെ മാറ്റിവെച്ചു ശരിയാക്കിയ വിദ്വാൻ ജി. ശങ്കരക്കുറുപ്പവർകളോടും ഞാൻ എന്റെ അളവറ്റാ നന്ദി പ്രകടിപ്പിച്ചുകൊള്ളട്ടെ. പാഠ്യപുസ്തകമെഴുതുന്നതിലുള്ള എന്റെ ഈ പ്രഥമ പരിശ്രമത്തെ മാന്യഗുരുനാഥന്മാരും പൊതുജനങ്ങളും പ്രോത്സാഹിപ്പിക്കുമെന്നു കരുതുന്നു.
വടവന്നൂർ, 18-4-36