നിലത്തുനിന്ന് ഒരിഞ്ചുപോലും ഉയരുവാൻ ആ പച്ചപ്പുഴുവിനും കഴിവില്ലല്ലൊ! ആ നിലക്കു്, ഉയൎന്നു പറക്കുവാനുള്ള കുയിലിന്റെ കഴിവു് മഹത്വത്തിൻറ പൂൎണ്ണലക്ഷണമാണെന്നു് അതു് വിശ്വസിച്ചു.
അടുത്ത വയലിലാണ് ആ കുയിൽ താമസിച്ചിരുന്നത്. പച്ചപ്പുഴുവിന്റെ ക്ഷണപ്രകാരം, കുയിൽ അവിടെ വന്നു. വിഷമതകളെപ്പറ്റി പച്ചപ്പുഴു ഒന്നൊന്നായി പറഞ്ഞുകേൾപ്പിച്ചു. ആകൃതിയിലും പ്രകൃതിയിലും വ്യത്യാസമുള്ള ആ കൊച്ചുജീവികൾക്ക് എന്തു ഭക്ഷണം കൊടുക്കണമെന്നും, അവയെ എങ്ങിനെ വളർത്തണമെന്നും പച്ചപ്പുഴു കുയിലിനോടു ചോദിച്ചു.
"ഇനിയും നിങ്ങൾ ആകാശത്തിലേക്കു് പറക്കുമല്ലൊ. ഇതേപ്പറ്റി ഓർമ്മിക്കണം; അന്വേഷിക്കണം. എന്നിട്ട്, എനിക്കു വേണ്ട നിർദ്ദേശം തരണം."
കുയിൽ മറുപടി പറഞ്ഞു: "ഒരുപക്ഷെ ചില നിൎദ്ദേശങ്ങൾ തരാൻ കഴിഞ്ഞേയ്ക്കും."
ഈ ഉത്തരം, പച്ചപ്പുഴുവിനെ പൂൎണ്ണമായി തൃപ്തിപ്പെടുത്തിയില്ല. ഒരു ചോദ്യം കൂടി അതിൽ ചോദിക്കുവാനുണ്ടായിരുന്നു. പക്ഷെ, അതിനകം ആ പക്ഷി, ലോലമോഹനമായ ഒരു ഗാനം ആലപിച്ചുകൊണ്ട്, നീല നിൎമ്മലമായ ആകാശത്തിലേക്കു പറന്നുയർന്നു. അടുത്ത ക്ഷണത്തിൽ, ആ പാട്ടു കേൾക്കാനാവാത്തവണ്ണം അതു പറന്നു് അകന്നുകഴിഞ്ഞു. പച്ചപ്പുഴുവിനു തല ഉയൎത്തി നോക്കുവാൻ കെല്പില്ലല്ലൊ. തലയ്ക്കു മീതേയുള്ളത് ഒന്നും അതു കാണാറില്ല. കുയിലിനെ അതു നോക്കിയില്ല.