"എന്നേക്കാൾ ബുദ്ധിയുള്ള ഒരു ജന്തുവിനോടു് ഇതേപ്പറ്റി ആലോചിക്കണം. ഉപദേശം വാങ്ങണം. രണ്ടാളുകളുടെ ആലോചനയും ബുദ്ധിയും, ഒരാളുടേതിനേക്കാൾ എപ്പോഴും മെച്ചമായിരിക്കും. ഇഴഞ്ഞു നടക്കുന്ന എനിക്കും ഇനി എന്തുചെയ്യണമെന്നും അറിഞ്ഞുകൂടാ! അറിവുള്ളവരോടും ചോദിക്കാം."
അവിടേയും ഒരു വിഷമം ആരോട് ആലോചിക്കും? ഇടക്കിടെ തോട്ടത്തിൽ വരാറുള്ള പട്ടിയോടായാലോ? പട്ടി വെറും മുരട്ടു ഭാവക്കാരനാണു്. അടുത്തുവിളിച്ചു വർത്തമാനം പറയുമ്പോൾ, വാലാട്ടി, ഇലയിലുള്ള മുട്ടകൾ മുഴുവൻ തുത്തു അടിച്ചു താഴെ വീഴിച്ചേക്കും. അതു് ഒരിക്കലും സഹിക്കാവുന്ന കാൎയ്യമല്ല. പൂച്ചയോടാലോചിച്ചാലോ? പ്രഭാതമാവുമ്പോൾ ചെടികളുടെ താഴെ വരും; വെയിൽ കൊണ്ടുകൊണ്ടു് അവിടെ ഇരിക്കും. പൂച്ച സ്വാൎത്ഥനാണ്. ഉത്തരവാദബോധം തീരെയില്ല. ചിത്രശലഭത്തിന്റെ മുട്ടകളെപ്പറ്റി ചിന്തിച്ചു ബുദ്ധിമുട്ടുമെന്ന് പ്രതീക്ഷിക്കുവാനില്ല.
"എന്റെ അറിവിൽ ഏറ്റവും ബുദ്ധിയുള്ള ജന്തു ഏതാണു്?" ഈ ചോദ്യം ആ പച്ചപ്പുഴു പലവട്ടം സ്വയം ചോദിച്ചു. ഒടുവിൽ, കൂട്ടുകാരനായ കുയിലിനെ ഓൎമ്മവന്നു. ആ പക്ഷി, അങ്ങനെ പറന്നുയൎന്നു്, ആരുമറിയാത്ത സ്ഥാനങ്ങളിൽ പോയി തിരിയേ വരാറുണ്ട്. നല്ല സാമൎത്ഥ്യവും ഉണ്ട്. വേണ്ട അറിവും ഉണ്ടായിരിക്കണം."