ല്ലെന്നു് വിശ്വാസമുണ്ടായിരുന്നിട്ടും, വീണ്ടും അവരോടൊത്തു കഴിയുവാൻ സാദ്ധ്യമല്ല എന്നും അതിനറിയാമായിരുന്നു. ആ പ്രാണി അവരോടു പറഞ്ഞു: "ഈ പഴയ വീടു് മറന്നുകളയുക! ഇവിടത്തെ ജീവിതസുഖങ്ങളും മറന്നു കളയുക! നാം ഒരുമിച്ചു അനുഭവിച്ച വേദനകളും, ആസ്വദിച്ച സന്തോഷങ്ങളും മറന്നുകളയുക! അസാദ്ധ്യം അതൊരിക്കലുമുണ്ടാവില്ല."
"പക്ഷെ നിനക്കു തിരിച്ചുവരാൻ സാധിച്ചില്ലെങ്കിലോ?" ഒരാൾ ചോദിച്ചു.
"തീർച്ചയായിട്ടും സാധിക്കും. നമ്മുടെ ഭാവി പോലെ അൽകൃഷ്ടമായ ഒരു നിലയിൽ എന്താണ് അസാദ്ധ്യമായിട്ടുള്ളതു്? പക്ഷെ, ഇപ്പോൾ എനിക്കു താമസിക്കുവാൻ നിവൃത്തിയില്ല. ഏറെത്താമസിയാതെ, ഇതിലും എത്രയോ ശ്രേഷ്ഠമായ ഒരു രൂപത്തിൽ, ഒരു പുതിയ ആളായിട്ടു ഞാൻ നിങ്ങളെ കാണാൻ വരും. അതുവരേയ്ക്കു് യാത്ര പറയട്ടെ."
ഇതിനകം ആ ശബ്ദത്തിനുതന്നെ വ്യത്യാസം വന്നിരുന്നു. ഒരു താളിന്റെ തണ്ടിൽക്കൂടി പറ്റിപ്പിടിച്ചുകൊണ്ടു്, ആ പ്രാണി, താഴെനിന്നും മേലോട്ടു കയറുവാൻ തുടങ്ങി. ആ യാത്ര കാണുവാൻ - എന്തു സംഭവിക്കുന്നു എന്നറിയുവാൻ - രണ്ടുമൂന്നു കൂട്ടുകാർ അതിനോടൊപ്പം കയറുവാൻ ശ്രമിച്ചു. പക്ഷെ പ്രാണി വെള്ളത്തിൻറ നിരപ്പിലെത്തിക്കഴിഞ്ഞു. പിന്നീടൊന്നും അവൎക്കു് കാണുവാൻ സാധിച്ചില്ല.