മായി ഇരുന്നുകൊള്ളു. വെള്ളമില്ലാത്ത ആ ലോകത്തിലേക്കു് നിന്നെ ഞാൻ കൊണ്ടുപോകാം. അവിടെ ചെന്നു അവിടം എങ്ങിനെ ഇരിക്കുമെന്നു കാണാം. എന്താ? വരുന്നോ?"
ഞാൻ വരുന്നു. എന്റെ നന്ദിക്കും. സന്തോഷത്തിനും ഒരതിരുമില്ല."
"എന്റെ പുറത്തു അള്ളിപ്പിടിച്ചിരുന്നുകൊള്ളണം. ഇഴുകിപ്പോകരുത്. സൂക്ഷിച്ചിരുന്നുകൊള്ളണം. അല്ലെങ്കിൽ വെള്ളത്തിൽനിന്നും മേലോട്ടു ചാടുമ്പോൾ നീ താഴെ വീഴും; ഞാൻ അങ്ങു ചാടിപ്പോവുകയും ചെയ്യും."
പ്രാണി തവളയുടെ മുതുകിൽ പിടിച്ചിരുന്നു. തവള വെള്ളത്തിനു മീതെ നീന്തിപ്പൊങ്ങി.
"മുറുകെ പിടിച്ചുകൊള്ളണേ." തവള വെള്ളത്തിന്റെ മീതെ നിന്നും സാവധാനം കരയ്ക്കു് കയറി. "ഇതാ, ഞാൻ പതിവായ പോകുന്ന ലോകത്തിൽ എത്തിയിരിക്കുന്നു. വിശേഷങ്ങൾ കണ്ടുകൊൾക. ഇതേപ്പറ്റി നിനക്കെന്തു തോന്നുന്നു?" തവള ചോദിച്ചു.
പക്ഷെ, മറുപടി കിട്ടിയില്ല.
"അല്ല, കൂടെയില്ലേ, ഇതുതന്നെയായിരുന്നു എന്റെ പേടി. മായൻ. പുറത്തുനിന്നും ഇഴുകിപ്പോയി അല്ലേ? കരയോടടുത്തു വന്നാൽ വല്ലതും രക്ഷയുണ്ടോ എന്നു നോക്കട്ടെ." തവള ഒരു ചാട്ടം ചാടി, തകരയുടെ ഇടയിൽ ആ പ്രാണിയെ തിരഞ്ഞു.
പക്ഷെ, ആ പ്രാണിയുടെ സ്ഥിതിയോ? അതു വളരെ ശ്രദ്ധയോടെ തവളയുടെ പുറത്തു മുറുകിപ്പിടിച്ചിരുന്നു.