ബോദ്ധ്യമായി. കൂട്ടത്തിൽ ഒരാൾ പറഞ്ഞു: "നമുക്കു് റാണിയെ വേണ്ട. എല്ലാവൎക്കും വേലചെയ്തു ജീവിക്കാം."
വൃദ്ധൻ ചോദിച്ചു: "അതുകൊണ്ടെന്താണു് വ്യത്യാസം? ഇപ്പോഴും നാമെല്ലാം ജോലിചെയ്തല്ലേ കഴിയുന്നതു്?"
ആൎക്കും തക്കതായ ഉത്തരം പറയാൻ കഴിഞ്ഞില്ല. രാത്രിയിൽ വിശ്രമത്തിനുള്ള സമയമായതിനാൽ തല്ക്കാലം എല്ലാം ശാന്തമായി.
നേരം വെളുത്തു. ഭൂരിഭാഗം തേനീച്ചകളും അവരവരുടെ ജോലികളിൽ വ്യാപൃതമായി. സഞ്ചാരിയും അവൻ ചെറുപ്പക്കാരായ കൂട്ടുകാരും അസ്വസ്ഥരായി, ഇനി എന്തുവേണ്ടു എന്ന ആലോചനയിലേൎപ്പെട്ടു. റാണിയില്ലാത്ത ഒരു പുതിയ ഭരണകൂടം സ്ഥാപിക്കാൻ തന്നെ ഒടുവിൽ അവർ തീൎച്ചയാക്കി. പഴയ കൂടും കൂട്ടുകാരേയും വിട്ട് അവർ തോട്ടത്തിലേക്കിറങ്ങി.
എല്ലാവൎക്കും കൂടി താമസിക്കുവാൻ ഒരു പുതിയ സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു അവരുടെ ആദ്യത്തെ ജോലി. പക്ഷെ അതിൽ ആൎക്കും യോജിക്കുവാൻ കഴിഞ്ഞില്ല. ഒരാൾ പറഞ്ഞു, ഒരു തോട്ടത്തിൽ പാൎത്താൽ മതിയെന്നു്. മറ്റൊരാൾക്കു് ഒരു വയൽ മതി. മൂന്നാമതൊരാൾക്കു് ഒരു വൃക്ഷത്തിന്റെ പോടുതന്നെ വേണം. വല്ല വീടിന്റെയും പടിപ്പുര മതിയെന്നു മറ്റൊരഭിപ്രായം. ഓരോരുത്തരും സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിന്നു. ഒടുവിൽ സഞ്ചാരിയായ തേനീച്ച ക്ഷമകെട്ടു പറഞ്ഞു: