മുട്ടകൾക്കു ചുറ്റും അതു വലംവച്ചു് ഇഴഞ്ഞു. പച്ചില അല്പം കരണ്ടു തിന്നു വീണ്ടും അതും ഇലയ്ക്കുചുറ്റും നീങ്ങി.
"ആ കുയിൽ പോയിട്ടു് വളരെ നേരമായല്ലോ." പച്ചപ്പുഴു വിചാരിക്കുവാൻ തുടങ്ങി. “ഇപ്പോൾ അതും പറന്നെവിടെ എത്തിയിരിക്കും? ദൂരമെത്രയായാലും, നടന്നെത്താവുന്ന ഇടമായിരുന്നുവെങ്കിൽ ഞാൻ എത്തുമായിരുന്നു. പക്ഷെ ആകാശം: എനിക്കും എന്തു ചെയ്യുവാൻ കഴിയുമ് പതിവിലും പൊക്കത്തിൽ അതു ഇന്നു് പറന്നുപോയിരിക്കും. എവിടെയാണു് ആ കുയിൽ എന്നും പോകുന്നത് എന്നറിഞ്ഞിരുന്നുവെങ്കിൽ! നീലവിഹായസ്സിൽ കാണുന്ന അത്ഭുതമെന്തെന്നു മനസ്സിലായിരുന്നുവെങ്കിൽ പറന്നുപൊങ്ങുമ്പോഴും, പറന്നു താഴുമ്പോഴും ആ കുയിൽ ആനന്ദഗാനം പൊഴിക്കുന്നു. പക്ഷെ അതു് ഒരു രഹസ്യവും പറയുന്നില്ല."
പച്ചപ്പുഴ ആ മുട്ടകളുടെ ചുററും ഒരു പ്രാവശ്യം കൂടി ഇഴഞ്ഞു ചുറ്റി.
അങ്ങകലെനിന്നും കുയിൽനാദം കേട്ടു. പച്ചപ്പുഴുവിന്റെ സന്തോഷം, അതിരു കവിഞ്ഞു. അര നിമിഷം കഴിഞ്ഞു. ആ ഗാനത്തിൽ തന്നെ ഒതുങ്ങി, കുയിൽ പച്ചപുഴുവിനു സമീപം ഇലയുടെ താഴെ, നിലത്തുവന്നു് ഇരുന്നു.
"സന്തോഷിക്കൂ സുഹൃത്തെ! നമുക്കൊന്നു സന്തോഷിക്കാം, സുഹൃത്തേ!" കുയിൽ പാട്ടു നിൎത്തി. "പക്ഷെ, എന്റെ കൂട്ടുകാരൻ എന്നെ വിശ്വസിക്കുകയില്ല."