താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxxv


വ്രത്താന്തത്തിന്റെ യാഥാൎത്ഥ്യം അറിയുന്നതിന്നു നമ്പൂരിയോടു നടയ്ക്കൽ വച്ചു സത്യംചെയ്വാൻ പിഷാരസ്യാരു നിൎബന്ധിച്ചു. വ്യാമോഹിതനായ നമ്പൂരി "സ്ത്രീസംസൎഗ്ഗമുണ്ടാകുന്നതല്ല"എന്നു സത്യം ചെയ്തു. ഇതു കേട്ടപ്പോൾ "ആരാ ഇനിമേൽ യോഗിയാരാണോ" എന്നു പിഷാരസ്യാർ സോപഹാസം ചോദിച്ചു. അപ്പോഴാണ് നമ്പൂരി ചെയ്ത സത്യത്തിന്റെ ഗൌരവം അദ്ദേഹത്തിനു തന്നെ മനസ്സിലായത്. നമ്പൂരിയുടെ ഭാവം ഉടനെ പകൎന്നു. അപ്പോൾ പിഷാരസ്യാർ അമ്പരന്നുവശായി. അന്നുമുതൽ അദ്ദേഹം സൎവസംഗപരിത്യാഗം ചെയ്തു യോഗിയാരെന്ന സംജ്ഞക്കൎഹനായിത്തീൎന്നു. പിന്നീട് അദ്ദേഹത്തെ തൈക്കാട്ടു യോഗിയാരെന്നുള്ള പേർ കൊണ്ടു വ്യവഹരിച്ചുവന്നു.

യോഗിയാർ പിന്നീടു വളരെക്കാലം ദക്ഷിണാമൂൎത്തിയെത്തന്നെ ഭജിച്ചു ക്ഷേത്രത്തിൽ താമസിച്ചു. കാലക്രമത്തിൽ യോഗിയാരു വേദവേദാംഗാദിപാരംഗതനുമായിത്തീൎന്നു. അദ്ദേഹമാണു് പ്രൈഷത്തിന്റെ ഭാഷ്യം എഴുതിയത്. എന്നാൽ ബ്രഹ്മചാരിപ്രകരണത്തിന്റെയും സ്നാതകപ്രകരണത്തിൽ ഒന്നാം പ്രൈഷത്തിന്റെയും ഭാഷ്യം എഴുതിക്കഴിഞ്ഞപ്പോൾ അദ്ദേഹം സ്വൎഗ്ഗാരോഹണം ചെയ്തതുകൊണ്ടു ശേഷം ഭാഗങ്ങളുടെ ഭാഷ്യം ചെറുമുക്കുവൈദികൻ പരമേശ്വരൻ നമ്പൂരി എഴുതി ഗ്രന്ഥത്തെ സമഗ്രമാക്കി. സൂക്ഷ്മമായി പരിശോധിക്കുന്നവൎക്ക് ഈ രണ്ടു ഭാഷ്യത്തിനുമുള്ള വ്യത്യാസം സ്ഫുടമായിക്കാണാവുന്നതാണ്. യോഗിയാരുടെ ഭാഷ്യത്തിൽ കാണുന്ന വൈപുല്യവും വൈദുഷ്യവും ശേഷം ഭാഗങ്ങളിൽ കാണുന്നില്ല. രണ്ടു ഭാഷ്യകാരന്മാരുടേയും വൈദുഷ്യാദികളെ അവരവരുടെ ഭാഷ്യംതന്നെ പ്രസ്ഫുടമാക്കുന്നു. പരമേശ്വരൻനമ്പൂരിയുടെ ഭാഷ്യത്തിൽ കേവലം പ്രൈഷാൎത്ഥം മാത്രമെ പറഞ്ഞുകാണുന്നുള്ളു.

യോഗിയാർ ജീവിച്ചിരുന്നകാലം നിൎണ്ണയിക്കുന്നതിന്നു ചില സൌകൎയ്യങ്ങൾ ഉണ്ട്. യോഗിയാരുടെ ഇല്ലത്തേക്കു മുൻപു പല തവണയും ദത്തു് എടുക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഇല്ലത്തു് ഏഴുതലമുറക്കു സന്തതിയുണ്ടാകുമെന്നു ദക്ഷിണാമൂൎത്തിയുടെ അനുഗ്രഹം ഉണ്ടായിട്ടുള്ളതായി കേൾവിയുണ്ട്. ഏഴാമത്തെത്തലമുറ ൧ ൦ ൮ ൫-ാമാണ്ടു് അവസാനിക്കാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.