മാറും ചൊല്ലുവനെങ്കിൽ കേട്ടാലും നരാധിപ! കണ്ടാലോ നാരിമാരിൽ രത്നമായിരിക്കണ- മുണ്ടായീടേണം ക്ഷമ ഭൂമിദേവിയെപ്പോലെ മന്ത്രിമാരോടു തുല്യം സംസാരയുക്തിവേണം ദാസിയെപ്പോലെ വേണം പ്രവൃത്തിചെയ്യുന്നേരം മാതാവിനോളം സനേഹം വേണം താൻ ഭർത്താവിനെ ശയനം വേശ്യയെന്നപോലനുസരിയ്ക്കണം ഇങ്ങിനെ ഗുണമാറുമുണ്ടാകുന്നംഗനമാർ മംഗലസ്ത്രീകളിൽവെച്ചുത്തമയായോരല്ലോ ഇങ്ങിനെയുള്ള ഗുണമൊന്നുമേ കുറയാതെ- യംഗനാമണി ദമയന്തിയ്ക്കുണ്ടറിഞ്ഞാലും ഇങ്ങിനെയന്നത്തിന്റെ മംഗലപ്രശംസ കേ- ട്ടിംഗിതജ്ഞനാം നൃപൻ പിന്നെയും ചോദിച്ചിതു ഇങ്ങിനേയുള്ള ഗുണമവളിലുണ്ടെന്നുള്ള- തെങ്ങിനെയറിഞ്ഞു നീ രാജഹംസേശ! സഖേ! എന്നുടൻ നൃപൻതന്റെ ചോദ്യത്തെക്കേട്ടനേരം മന്ദമെന്നിയേ പറഞ്ഞീടിനാൽ മരാളനും അറിയാമറിഞ്ഞവക്കുടനേ കാണുന്നേര- മറിയപ്പോകാത്തവരെങ്ങിനേയറിയുന്നു? ഉത്സാഹം ചെയ്തീടുന്ന ദൂതന്മാരുണ്ടായവന്നാൽ സംശയമില്ല കായ്യം സാധിയ്ക്കാമറിഞ്ഞാലും ഉത്സാഹംകൊണ്ടുമുപായങ്ങളെക്കൊണ്ടും നിന്റെ ഭാർയ്യയായ് ചമപ്പൻ ഞാനവളെ വൈകീടാതെ ഇത്തരമന്നത്തിന്റെ വാക്കുകൾ കേട്ടനേരം
പൃത്ഥ്വീശ്വരൻ ലജ്ജ വിട്ടു പറഞ്ഞാനന്നത്തോടും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.