അദ്ധ്യായം 1
ഇതിഹാസത്തിൽനിന്നു ശാസ്ത്രത്തിലേക്ക്
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്കു മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യൻ സൂൎയ്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും നോക്കി അത്ഭുതപ്പെട്ടു. അജ്ഞതയിൽ നിന്നുള്ള ഭയത്താൽ അവയെ ദേവന്മാരും ഈശ്വരന്മാരുമായി സങ്കല്പിച്ചുവെങ്കിലും ഭൂമിയെപ്പോലെ തന്നെയുള്ള ലോകങ്ങളായിരിക്കാം അവയെന്നു് അപ്പോഴപ്പോഴായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ ഏറ്റവും പഴയ ഏടുകളായ വേദങ്ങളിൽപ്പോലും ഈരേഴു പതിന്നാലു ലോകങ്ങളെപ്പറ്റിയും വിമാനാദി വാഹനങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. വിഹായസ്സിൽ പാടിപ്പറക്കുന്ന പറവകളെ നോക്കി മനുഷ്യൻ അസൂയപ്പെട്ടു. ചിറകുകളില്ലാത്തതിനാലും പറക്കുവാൻ സാധിക്കാത്തതിനാലും അവൻ 'സങ്കല്പവായുവിമാനങ്ങൾ' നിൎമ്മിച്ചു. അവന്റെ സങ്കല്പങ്ങളുടെ സാക്ഷാത്കാരം ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണു സാധിതമായത്.
രാമായണത്തിൽ പുഷ്പക വിമാനത്തെപ്പറ്റി പറയുന്നു. സുപ്രസിദ്ധശില്പിയായ മയാസുരൻ അനേകതരത്തിലുള്ള യന്ത്രവിമാനങ്ങൾ നിർൎമ്മിച്ചിട്ടുള്ളതായി ഇതിഹാസങ്ങൾ ഉൽഘോഷിക്കുന്നുണ്ട്. പലതരത്തിലുള്ള വിമാ