കുറേ കുറയ്ക്കുകയും അവസാനം ബ്രേക്ക് റോക്കററുകൾകൊണ്ടു് തീരെ ഇല്ലാതാക്കുകയും ചെയ്തിട്ടാണു് ശുക്രനിലിറങ്ങുന്നത്. മാസങ്ങളോളം നീണ്ടുനില്ക്കുന്നതായിരിക്കും അവിടത്തെ താമസം. ഭൂമിയും ശുക്രനും വീണ്ടും സൗകൎയ്യപ്രദങ്ങളായ സ്ഥാനങ്ങളിൽ എത്തിയാൽ മടക്കയാത്ര ആരംഭിക്കാം. ശുക്രന്റെ ഗുരുത്വാകൎഷണത്തിൽനിന്നും വിടുതിനേടുവാൻ ചുരുങ്ങിയതു് 23,900 നാഴിക / മണി വേഗത വേണം. മൊത്തത്തിൽ, ശുക്രനിലേക്കു പോയി വരുവാൻ രണ്ടു കൊല്ലത്തോളം പിടിക്കും.
3. കുജവിജയം
അടുത്ത താവളം കുജൻ (ചൊവ്വ) ആണ്. ശാസ്ത്രലോകത്തിൽ അങ്ങേയറ്റം വിവാദവിഷയമായിത്തീർന്നിട്ടുള്ള ഒരു ഗ്രഹമാണു ചൊവ്വ. അതിന്റെ പരിവൎത്തന പഥം ഭൂമിയുടേതിൽനിന്നും പുറമേയാണു്. സൂൎയ്യനിൽ നിന്നും ശരാശരി 1,41,50,000 നാഴിക ദൂരെയായ അതിലേക്ക് ഏററവും അടുത്തസമയത്തു് ഭൂമിയിൽനിന്നു മൂന്നരക്കോടി നാഴിക ദൂരമുണ്ടു്. ചൊവ്വയുടെ വ്യാസം ഭൂമിയുടെ പകുതിയും ദ്രവ്യരാശി ഏകദേശം പത്തിലൊന്നുമാണു്. 24 മണിക്കൂർ 38 മിനിററിൽ അതു് തന്റെ അച്ചുതണ്ടിന്മേൽ ഒരു പ്രാവശ്യം ചുററുന്നു. വലിയ ദൂരദൎശിനികളിൽക്കൂടെ നോക്കിയാൽ ചൊവ്വയുടെ ഉപരിതലത്തിന്റെ പല സവിശേഷതകളും കാണാം. ചെമ്പിച്ച നിറമുള്ള ചൊവ്വാതലത്തിൽ അങ്ങിങ്ങായി ചില ഇരുണ്ട മേഖലകളും ധ്രുവപ്രദേശങ്ങളിൽ വെളുത്ത മകുടങ്ങളും ഉണ്ടു്. ചെമ്പിച്ച നിറമുള്ള സ്ഥലങ്ങൾ, മരുഭൂമികളും, ഇരുണ്ട പ്രദേശങ്ങൾ സസ്യങ്ങൾ വളരുന്നയിടവും ധ്രുവമകുടങ്ങൾ ഹിമവുമാണെന്നാണ് അനുമാനിക്കപ്പെ