അദ്ധ്യായം 7
പലതരം ആകാശനൗകകൾ
ആകാശനൗകകളുടെ പ്രവൎത്തനത്തിന്റെയും ആകാശ സഞ്ചാരത്തിന്റെയും പ്രാഥമിക തത്വങ്ങളും പ്രധാനപ്പെട്ട പ്രതിബന്ധങ്ങളും എന്തെല്ലാമാണെന്നു കഴിഞ്ഞ ഏതാനും അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചുവല്ലോ. അടുത്തതായി ആകാശ സഞ്ചാരത്തിന്റെ ചില പ്രത്യേകതകളെപ്പറ്റി പഠിക്കാം. നമുക്കു പരിചിതങ്ങളായ കാർ, തീവണ്ടി, കപ്പൽ മുതലായ വാഹനങ്ങളെല്ലാം തന്നെ എഞ്ചിൻ നിറുത്തിയാൽ പിന്നീട് അധികം ദൂരം ഓടുകയില്ല. ചക്രങ്ങളുടെയും ചുററുമുള്ള വായു, ജലം മുതലായ വയുടെയും പ്രതിരോധം അവയെ നിൎത്തുന്നു. ആകാശ നൗകകൾക്കു ഭൂമിയുടെ അന്തരീക്ഷം വിട്ടുകഴിഞ്ഞാൽ പിന്നീട് ഇപ്രകാരം പ്രതിരോധമുണ്ടാകുന്ന ചുററുപാടു കളൊന്നുമില്ല. അതിനാൽ എഞ്ചിൻ (റോക്കററുകൾ) നിറുത്തിയാൽക്കൂടിയും വളരെയധികം ദൂരം ആ ഊക്കുകൊണ്ടുതന്നെ പോകുന്നതായിരിക്കും. ഭൂമിയുടെയും മറ്റു ലോകങ്ങളുടെയും ഗുരുത്വാകൎഷണം മാത്രമേ അതിന്റെ വേഗതയ്ക്കു വ്യത്യാസം വരുത്തുകയുള്ളു. വാസ്തവത്തിൽ ചന്ദ്രനിലേക്കു പോകുന്ന ഒരു ആകാശനൗകയുടെ എഞ്ചിൻ ഭൂമിയിൽ നിന്നും ഏകദേശം 2,000 നാഴിക ദൂരത്തിൽ വെച്ചുതന്നെ നിൎത്തപ്പെടുന്നു. അപ്പോഴേക്കും അതിന്ന് ഏകദേശം മണിക്കൂറിൽ 25,000 നാഴിക പ്രവേഗം സിദ്ധിച്ചിരിക്കും. ചന്ദ്രനിലേക്കു പിന്നെയും 2¼ ലക്ഷം നാഴികയിലധികം ദൂരമുണ്ട്. അവിടെ എത്തിക്കുവാൻ ഈ ഊക്കു മതിയാകും. എത്രകണ്ടു വേഗത്തിൽ ആകാശ