ക്കു വരുന്നുണ്ട്. അവയിൽ വളരെ തുച്ഛമായ ഒരു ഭാഗം മാത്രമേ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നുള്ളു. ബാക്കിയെല്ലാം അന്തരീക്ഷത്താൽ തടയപ്പെടുന്നു. അന്തരീക്ഷത്തിന്നു മുകളിൽ, ബഹിരാകാശത്തിൽ അവയെല്ലാം പൂൎണ്ണമായി അനുഭവപ്പെടുന്നതാണ്. അത്യന്തം ഊൎജ്ജത്തോടുകൂടിയ ബ്രഹ്മാണ്ഡരശ്മികൾ (Cosmic rays) സൂൎയ്യനിൽനിന്നും വരുന്ന ഇലൿട്രോണുകൾ, പ്രോട്ടോണുകൾ മുതലായ വൈദ്യുതാവിഷ്ടകണങ്ങൾ (Charged particles), പാരനീലലോഹിത (Ultraviolet) രശ്മികൾ, ഗാമാരശ്മികൾ, എക്സ് രശ്മികൾ മുതലായവയാണ് ബഹിരാകാശസഞ്ചാരികൾക്കു നേരിടേണ്ടിവരുന്ന തേജഃപ്രസരങ്ങൾ. രക്താൎബുദം, തിമിരം മുതലായ പല സുഖക്കേടുകൾക്കും ഇതു കാരണമാകാവുന്നതാണു്. പക്ഷേ, ഇന്നേവരെയുള്ള ബഹിരാകാശസഞ്ചാരികളുടെ അനുഭവങ്ങളിൽ നിന്നും തേജഃപ്രസരങ്ങൾകൊണ്ടുള്ള അപായം നിസ്സാരമാണെന്ന് അനുമാനിക്കാവുന്നതാണു്.
താപനിയന്ത്രണമാണ് മറെറാരു പ്രധാന പ്രശ്നം. ആകാശനൗകകളിൽ സൂര്യപ്രകാശമേൽക്കുന്ന ഭാഗം വളരെയധികം ചൂടുപിടിക്കുകയും മറ്റു ഭാഗങ്ങൾ വളരെ തണുക്കുകയും ചെയ്യുന്നതാണു്. ആകാശനൗകയെ സാവധാനത്തിൽ തിരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ചൂട് എല്ലായിടത്തും ഒരുപോലെ വ്യാപിക്കുന്നതായിരിക്കും.
ഉൽക്കാശകലങ്ങളുമായി ഏറ്റുമുട്ടുകയാണ് ആകാശനൗകയ്ക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ അപായങ്ങളിലൊന്നു്. ഇരട്ടച്ചുമരുകളുടെ സഹായത്തോടെ തന്നെ ചെറിയ ഉൽക്കാധൂളികളിൽനിന്നും രക്ഷനേടാം. വലിയ ഉൽക്കകൾ താരതമ്യേന അതിവിരളവും അവയുമായി ഏറ്റുമുട്ടുവാനുള്ള സംഭാവ്യത പ്രായേണ ശൂന്യവുമാകുന്നു.