സഹായിക്കും. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുവാൻ ഉറപ്പിച്ച എന്തെങ്കിലും പിടിച്ചു വലിക്കുകയോ എന്തിനെയെങ്കിലും തള്ളുകയോ ചെയ്യാം. വഞ്ചികുത്തുന്നപോലെ.
പൊതുവേ പറയുകയാണെങ്കിൽ ഭാരമില്ലാത്ത നിലയിൽ ആദ്യമാദ്യം കുറച്ചു അമ്പരപ്പുണ്ടാകുമെങ്കിലും ജീവിതം ഒരുവിധം സുഖകരംതന്നെയായിരിക്കും. ഏതാനും ദിവസങ്ങൾ ഇപ്രകാരം ഭാരമില്ലാത്ത നിലയിൽ ജീവിച്ച ഈ ആകാശസഞ്ചാരികൾ ഒട്ടേറെയുണ്ടിപ്പോൾ. അവർ ഇതിന്നു സാക്ഷ്യം വഹിക്കുന്നു.
4. ആകാശനൗകയിലെ അന്തരീക്ഷം
ഭൂമിയുടെ ഉപരിതലത്തിൽനിന്നു നാലഞ്ചു നാഴിക ഉയരംവരെ മാത്രമേ നമുക്കു ശ്വസിക്കത്തക്കതായ വായുവുള്ളു. അതിനാൽ ആകാശനൗക വായുഭദ്രമായിരിക്കുകയും വായുശുദ്ധീകരണത്തിന്നു് ആവശ്യമായ ഉപകരണങ്ങളെല്ലാം അതിലുണ്ടായിരിക്കുകയും വേണം. സാധാരണയായി ഒരു മനുഷ്യൻ വിശ്രമസമയത്ത് ഒരു മിനിററിൽ 6-15 ലിററർ വരെ വായു ശ്വസിക്കുന്നു. ഏകദേശം 0.2 - 0.4 ലിററർ ഓക്സിജൻ ഉപയോഗിക്കുന്നുമുണ്ടു്. അന്തരീക്ഷവായുവിന്റെ പ്രധാന ഘടകങ്ങൾ നൈട്രജനും (79 ശതമാനം) ഓക്സിജനും (21 ശതമാനം) ആണല്ലോ. സമുദ്രനിലവാരത്തിൽ അന്തരീക്ഷത്തിന്റെ മൎദ്ദം ചതുരശ്ര ഇഞ്ചിനു 14.7 റാത്തൽ ആകുന്നു. കൃത്രിമമായി ഓക്സിജന്റെ തോതു വൎദ്ധിപ്പിക്കുകയാണെങ്കിൽ ഇതിന്റെ നാലിലൊന്നു മൎദ്ദത്തിൽക്കൂടി നമുക്കു ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണു്. പക്ഷേ, ഒരു കാൎയ്യം, നാം ഉച്ഛ്വസിക്കുന്ന വായുവിൽ കാർബൺ ഡൈ ഓക്സൈഡ് അധികമാകയാൽ വീണ്ടും അതു നേരിട്ടു ശ്വസിച്ചുകൂട. ശ്വാസകോശങ്ങളിൽ നിന്നു പുറത്തുവരുന്ന വായുവിനു പുറമെയുള്ള വായുവി