ചലനമാണ്. അകലെയുള്ള നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി തോന്നിക്കുന്ന ഈ ചലനം, ദൂരദൎശിനി എത്രതന്നെ വലുതായാലും കാണുന്ന ദൃശ്യത്തെ മങ്ങിയതാക്കുന്നു. അന്തരീക്ഷത്തിനു മുകളിലായി ഒരു കൃത്രിമോപഗ്രഹത്തിൽ ഒരു നിരീക്ഷണകേന്ദ്രം സ്ഥാപിക്കുവാൻ സാധിച്ചാൽ അതു വളരെയധികം ഉപയോഗപ്രദമായിരിക്കും. പക്ഷേ, ഒരു നിരീക്ഷണകേന്ദ്രത്തിന്നു് ആവശ്യമായ സാമഗ്രികൾ മുഴുവൻ കൊണ്ടുപോകുവാൻ ഒരു റോക്കററിനും സാധിക്കുകയില്ല. എന്നാൽ, പല ഖണ്ഡങ്ങളിലായി ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരേ പരിവൎത്തനപഥത്തിൽ എത്തിക്കുവാൻ സാധിക്കുകയാണെങ്കിൽ, അവിടെവെച്ചു് അവയെല്ലാം കൂട്ടിച്ചേക്കാവുന്നതാണു്. വസ്തുക്കൾക്കൊന്നും ഭാരമില്ലാത്തതിനാൽ ഇത് താരതമ്യേന പ്രയാസം കുറഞ്ഞ ഒരു പണിയായിരിക്കും. ഇപ്രകാരം ഒരു വലിയ സ്ഥാപനം തന്നെ ഈ പരിവൎത്തനപഥത്തിൽ നിൎമ്മിക്കാവുന്നതാണ്. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് വാനനിലയങ്ങൾ (Space stations) എന്നു പറയുന്നു. സകലവിധ സൗകര്യങ്ങളുമുള്ള ഗവേഷണശാലകളും വൎക്ക് ഷാപ്പുകളും അടങ്ങിയ ഒരു വാനനിലയം സ്ഥാപിക്കുകയായിരിക്കാം മറ്റു ലോകങ്ങളിലേക്കുള്ള യാത്രയുടെ ആദ്യത്തെ ഘട്ടം. വാനനിലയങ്ങളിലെ ദിനരാത്രങ്ങൾ എങ്ങനെ ഉണ്ടാകുന്നുവെന്നു 6-ാം ചിത്രത്തിൽനിന്നും മനസ്സിലാക്കാം. ഉദയാസ്തമനങ്ങളിൽ സൂൎയ്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിൽക്കൂടെ വരുന്നതാകയാൽ അത്യന്തം വൎണ്ണമയമായിരിക്കും.
നേരിട്ട് ചന്ദ്രനിലേക്കോ മറ്റു ലോകങ്ങളിലേക്കോ മനുഷ്യനെ കയറ്റിക്കൊണ്ടുപോകുവാൻ ഉതകുന്ന റോക്കററുകൾ ഇപ്പോഴും സാങ്കേതികമായി സാദ്ധ്യമല്ലെന്നു പറ