| നക്ഷത്രങ്ങളുടെ നാട്ടിൽ | 43 |
ഭൂമിക്കു ചുറ്റും ഇപ്രകാരമുള്ള ഉപഗ്രഹങ്ങളെക്കൊണ്ടു് ഒരു വലയം ഉണ്ടാക്കുകയാണെങ്കിൽ, റേഡിയോ പ്രക്ഷേപണം, ടെലിവിഷൻ, കാലാവസ്ഥാനിൎണ്ണയം മുതലായവയ്ക്കെല്ലാം വളരെ സഹായമായിത്തീരുന്നതാണു്. പക്ഷേ, കൃത്രിമചന്ദ്രന്മാരുടെ പരിവൎത്തനപഥങ്ങൾക്കും പരിവൎത്തനതലങ്ങൾക്കും കാലക്രമത്തിൽ വ്യത്യാസങ്ങൾ വരുന്നതായിരിക്കും. ഭൂമിയുടെ ഉപരിതലത്തിലുള്ള വ്യത്യാസങ്ങൾ (മലകൾ സമുദ്രങ്ങൾ മുതലായവ) കൊണ്ടും സൂൎയ്യചന്ദ്രന്മാരുടെയും മറ്റു ഗ്രഹങ്ങളുടെയും ആകർഷണത്താലുമാണു് ഇതു സംഭവിക്കുന്നതു്.
1957 ഒക്ടോബർ 4 നാണു് ആദ്യത്തെ കൃത്രിമോപഗ്രഹം അയയ്ക്കപ്പെട്ടതു്. റഷ്യക്കാർ അയച്ച അതിന്നു് 180 റാത്തൽ ഭാരമുണ്ടായിരുന്നു. 'സഹയാത്രികൻ' എന്നർത്ഥമുള്ള 'സ്പുട്നിൿ' എന്ന പേരിലാണു് അതറിയപ്പെടുന്നതു്. അതിനുശേഷം വലിയതും ചെറിയതും നായ്ക്കളെയും മറ്റു മൃഗങ്ങളെയും കയറ്റിയതുമായ അനേകം കൃത്രിമോപഗ്രഹങ്ങൾ റഷ്യക്കാരാലും അമേരിക്കക്കാരാലും അയയ്ക്കപ്പെട്ടിട്ടുണ്ടു്. അവസാനം 1961 ഏപ്രിൽ 12-ാം൹ ഒരു മനുഷ്യനെത്തന്നെ കയറ്റിയ ആദ്യത്തെ കൃത്രിമോപഗ്രഹം അയയ്ക്കപ്പെട്ടു. മനുഷ്യരെ കയറ്റിയ വാഹനങ്ങൾ ഭൂമിയിലേക്കു വീഴാതെ ചുറ്റുവാൻ മാത്രം കഴിവുള്ളവയായാൽ പോരാ, അപായംകൂടാതെ ഭൂമിയിൽ തിരിച്ചിറങ്ങുവാൻ കൂടി ശക്തങ്ങളായിരിക്കണം. മറ്റു പല കാൎയ്യങ്ങളും ഗൗനിക്കേണ്ടതുണ്ട്. അവയെപ്പറ്റി പിന്നീടൊരവസരത്തിൽ പ്രസ്താവിക്കുന്നതാണു്.
ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളിൽ ഗുരുത്വാകർഷണബലവും അപകേന്ദ്രബലവും തുല്യമാകയാൽ അവയുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ