| 42 | നക്ഷത്രങ്ങളുടെ നാട്ടിൽ |
റോക്കറ്റിന്റെ വേഗത ഏകദേശം 4,000 നാഴിക /മണിക്കൂർ ആയിത്തീരുന്നു. രണ്ടാം ഘട്ടത്തിന്റെ അവസാനത്തിൽ അത് 9,500 നാഴിക /മണിയും അവസാനഘട്ടത്തിൽ ഏകദേശം 18,000 നാഴിക/ മണിയും ആയിത്തീരുന്നു. ഇപ്രകാരം അയയ്ക്കപ്പെടുന്ന ഒരു കൃത്രിമചന്ദ്രന്റെ പ്രക്ഷേപപഥം (Trajectory) 5-ാം ചിത്രത്തിൽ കൊടുത്തിരിക്കുന്നു. വേഗത ആവശ്യത്തിലുമധികമാകുകയാണെങ്കിൽ പരിവൎത്തനപഥം വൃത്താകാരത്തിൽ നിന്നും ആയതവൃത്തമായിത്തീരും. പക്ഷേ പരിവൎത്തനതലം എപ്പോഴും ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെയായിരിക്കണം. അല്ലെങ്കിൽ അതു സ്ഥിരമായി വൎത്തിക്കുകയില്ല. ഭൂമിയുടെ ഉപരിതലത്തിൽ — നിരക്ഷരേഖയ്ക്ക് (Equator) സമീപം — എല്ലാ വസ്തുക്കളും മണിക്കൂറിൽ 1,000 നാഴിക വേഗത്തിൽ കിഴക്കോട്ടു് സഞ്ചരിക്കുന്നുവല്ലോ. അതിനാൽ നേരെ കിഴക്കോട്ടു് ഒരു കൃത്രിമചന്ദ്രനെ അയയ്ക്കുവാൻ റോക്കറ്റിന്നു്, ഏകദേശം 17,000 നാഴിക/ മണി വേഗതയേ വേണ്ടൂ. നേരേമറിച്ചു പടിഞ്ഞാറോട്ടു സഞ്ചരിക്കുന്ന ഒരു റോക്കറ്റിനാകട്ടെ മണിക്കൂറിൽ 19,000 ത്തോളം നാഴിക വേഗത വേണം.
ഭൂമിയിൽനിന്നുള്ള ദൂരം കൂടുംതോറും കൃത്രിമചന്ദ്രന്മാരുടെ വേഗത കുറയുകയും അവ ഭൂമിയെ ചുറ്റുവാനെടുക്കുന്ന സമയം കൂടുകയും ചെയ്യുന്നുവല്ലോ. 22,300 നാഴിക ദൂരെയായി ഭൂമിയുടെ നിരക്ഷതലത്തിൽ (Equatorial plane) സഞ്ചരിക്കുന്ന ഒരു ഉപഗ്രഹത്തിന്നു ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുവാൻ കൃത്യം 24.0 മണിക്കൂർ വേണമെന്ന് 2-ാം പട്ടികയിൽനിന്നു കാണാം. അതിനാൽ കിഴക്കോട്ടാണു സഞ്ചരിക്കുന്നതെങ്കിൽ നമുക്കത് ആകാശത്തിൽ ഒരു സ്ഥലത്തു സ്ഥിരമായി നില്ക്കുന്നതായി തോന്നും.