| 40 | നക്ഷത്രങ്ങളുടെ നാട്ടിൽ |
ണെങ്കിൽ 4-ാം ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ അത് പുറപ്പെട്ട സ്ഥലത്തുതന്നെ എത്തുന്നതാണു്. കുറേക്കൂടി വേഗത്തിൽ എറിയുകയാണെങ്കിൽ സഞ്ചാരപഥം 1-ൽ നിന്നും 2 ആകുന്നു. മണിക്കൂറിൽ 17,320 നാഴിക വേഗതയോടുകൂടി എറിയുകയാണെങ്കിൽ സഞ്ചാരപഥം മൂന്നാമത്തേതായി മാറുന്നു. അപ്പോൾ അതു ഭൂമിയെ തൊടുന്നതു കൂടിയില്ലാത്തതിനാൽ തുരങ്കമുണ്ടാക്കുന്ന ജാലവിദ്യയൊന്നും ആവശ്യമില്ല (വേണമെങ്കിൽത്തന്നെ നമുക്കറിഞ്ഞു കൂടതാനും). വായുകൊണ്ടുള്ള പ്രതിരോധം നിസ്സാരമാണെന്നു വിചാരിക്കുകയാണെങ്കിൽ ആ പന്തു പിന്നീടു ഭൂമിയിലേക്ക് ഒരിക്കലും വീഴുകയില്ല. അപകേന്ദ്രബലവും ഗുരുത്വാകൎഷണബലവും സന്തുലിതമായിരിക്കുകയാൽ അതു ഭൂമിയുടെ ഒരു കൃത്രിമചന്ദ്രനായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, വായുവിന്റെ പ്രതിരോധം നിസ്സാരമല്ല. ഇത്ര വേഗത്തിൽ ചലിക്കുന്ന വസ്തുക്കൾ വായുവിന്റെ ഘർഷണം കൊണ്ടു ക്ഷണനേരത്തിൽ ചുടുപിടിച്ചു കത്തിയെരിയുന്നതാണു്. ഇല്ലെങ്കിൽക്കൂടിയും പന്തിന്റെ വേഗത ക്രമത്തിൽ കുറയുകയും താഴോട്ടുവന്നു് അവസാനം ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. എന്നാൽ 100-200 നാഴിക ഉയരത്തിൽ വായുവിന്റെ സാന്ദ്രത അതിനിസ്സാരമാണ്. അവിടെ ഈ വേഗതയോടുകൂടി ഭൂമിക്കു സമാന്തരമായി എറിയപ്പെടുന്ന വസ്തുക്കൾ എന്നെന്നേക്കും ഉപഗ്രഹങ്ങളായി വൎത്തിക്കുന്നതാണ്. വാസ്തവത്തിൽ മുകളിലേക്കു പോകും തോറും ഭൂമിയുടെ ആകൎഷണശക്തി കുറഞ്ഞു വരുന്നതിനാൽ താഴത്തേക്കു വീഴാതിരിപ്പാൻ ആവശ്യമായ വേഗതയും കുറയുന്നു. രണ്ടാം പട്ടികയിൽ ഭൂമിയിൽനിന്നുള്ള ദൂരവും ഉപഗ്രഹത്തിനു ആവശ്യമായ ഏറ്റവും ചുരുങ്ങിയ വേഗതയും കൊടുത്തിരിക്കുന്നു: