| 26 | നക്ഷത്രങ്ങളുടെ നാട്ടിൽ |
കാലോ ഒടിയുമെന്നു പരിഭ്രമിക്കുകയായിരിക്കും ഉണ്ടാകുക. കുട്ടിക്കാലത്ത് ഊഞ്ഞാലാടാത്തവർ കാണുകയില്ല. ഒരു കാൎയ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഊഞ്ഞാൽ ഏറ്റവും അധികം ഉയരത്തിൽ പോയതിനു ശേഷം താഴത്തേക്കു വരുവാൻ തുടങ്ങുമ്പോൾ ദേഹത്തിനാകെ ലാഘവം വന്ന മാതിരി ഒരു തോന്നൽ. യന്ത്ര ഊഞ്ഞാലിൽ താഴോട്ടുവരുമ്പോൾ ആസനത്തിൽ ഒരു തരിപ്പു തോന്നുന്നില്ലേ? നിങ്ങളും ഊഞ്ഞാലും എല്ലാം താഴത്തേക്കു വീഴുകയാണ്. അപ്പോൾ നിങ്ങൾക്കനുഭവപ്പെടുന്ന ഭാരത്തിൽ കുറച്ചു കുറവു വരുന്നതിനാലാണ് ഇപ്രകാരം തോന്നുന്നതു്. ഊഞ്ഞാൽ ഏററവും താഴത്തുനിന്നു മുകളിലേക്ക് ഉയരുവാൻ തുടങ്ങുമ്പോൾ ഭാരം വൎദ്ധിച്ചതായി തോന്നുകയും കാൽമുട്ടുകൾ വളയുകയും ചെയ്യും. ഭൂമിയുടെ ആകൎഷണശക്തിക്കെതിരായി ഊഞ്ഞാൽ നിങ്ങളെ മുകളിലേക്കു തള്ളുന്നതിനാലാണു് ഇപ്രകാരം സംഭവിക്കുന്നതു്.
ഭാരത്തിന്റെ കാരണം ബലമാണല്ലൊ. ബലത്തിന്റെ സ്ഥായിയായ ഗുണം ത്വരണം (വേഗതയുടെ വൎദ്ധനവോ കുറയലോ ― Acceleration or Retardation) ഉണ്ടാക്കുമെന്നതാണു്. സ്വസ്ഥമായിരിക്കുന്ന ഒരു വസ്തുവിന്മേൽ ഒരു ബലം പ്രവൎത്തിക്കുകയാണെങ്കിൽ അതു ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരുന്ന വേഗതയോടുകൂടി ചലിക്കുവാൻ തുടങ്ങും. അതുപോലെ സ്ഥിരമായ വേഗതയോടുകൂടി സഞ്ചരിക്കുന്ന ഒരു വസ്തുവിന്മേലാണു് ബലം പ്രവൎത്തിക്കുന്നതെങ്കിൽ ദിശയനുസരിച്ചു വസ്തുവിന്റെ വേഗത ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരികയോ കുറഞ്ഞു വരികയോ ചെയ്യും. അപ്പോൾ, പ്രപഞ്ചത്തിലെ വസ്തുക്കൾ അന്യോന്യം ആകൎഷിക്കുന്നതിനാൽ (ഗുരുത്വാകൎഷണം) അവയുടെ സാധാരണനില എല്ലായ്പോഴും ചലിച്ചുകൊണ്ടായി