ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നക്ഷത്രങ്ങളുടെ നാട്ടിൽ 21

ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ (വെറും സങ്കല്പം മാത്രമാണ് അച്ചുതണ്ട്) 24 മണിക്കൂറിൽ ഒരിക്കൽ വീതം തിരിയുന്നുണ്ടെന്ന് നമുക്കറിയാം. രാത്രിയും പകലും ഉണ്ടാകുന്നതിന്നു കാരണം അതാണ്. ഭൂമി ഉരുണ്ടതാകയാൽ അതിന്റെ മദ്ധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന എല്ലാ വസ്തുക്കളും നമ്മളുൾപ്പടെ, വട്ടത്തിൽ ഓടുന്നുണ്ടെന്നു പറയാം. അതും മണിക്കൂറിൽ 1000 നാഴിക എന്ന വേഗത്തിൽ. അപ്പോൾ നമ്മിലും ഇതുമാതിരിയുള്ള ഒരു ബലം പ്രവർത്തിക്കുന്നില്ലേ? ഉണ്ടു്. എങ്കിൽ നാം എന്തുകൊണ്ട് ഭൂമിയിൽനിന്നു തെറിച്ചു പോകുന്നില്ല? മാത്രമല്ല, എന്തെങ്കിലും ഒരു സാധനം മുകളിലേക്കെറിഞ്ഞാൽ അതു താഴേക്കുതന്നെ വീഴുന്നു. എന്തുകൊണ്ടു് ? ഭൂമി, അതിന്റെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളെയും സ്വന്തം കേന്ദ്രത്തിലേക്ക് ആകൎഷിക്കുന്നതിനാലാണ് നാം തെറിച്ചുപോകാതിരിക്കുന്നതു്. എന്നാൽ ഈ ആകൎഷണശക്തി ഭൂമിക്കു മാത്രമുള്ള ഒരു സ്വഭാവ വിശേഷമല്ല. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും അന്യോന്യം ആകൎഷിക്കുന്നുണ്ട്. ദ്രവ്യ (Matter)ത്തിന്റെ സ്ഥായിയായ, ഗുരുത്വാകൎഷണ (Gravitational Attraction) മെന്ന ഈ ഗുണത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയതു് സുപ്രസിദ്ധ ആംഗലശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ ആയിരുന്നു. രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകൎഷണബലം (Gravitational force) അവയുടെ ദ്രവ്യരാശികളുടെ (Mass)ഗുണനഫലത്തിന്നു നേരിട്ട് ആനുപാതികമായും അവ തമ്മിലുള്ള ദൂരത്തിന്റെ വൎഗ്ഗത്തിന്നു പ്രതിലോമാനുപാതികമായും (Inversely proportional) വ്യത്യാസപ്പെടുന്നു. ഇതിന്നു ന്യൂട്ടന്റെ ഗുരുത്വാകൎഷണനിയമം എന്നാണു പറയുന്നത് (law of gravitation). ഒരു വസ്തു

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/21&oldid=244583" എന്ന താളിൽനിന്ന് ശേഖരിച്ചത്