അദ്ധ്യായം 3
ചില അടിസ്ഥാനതത്വങ്ങൾ
'കിണ്ണംകളി' പലരും കണ്ടിരിക്കും. ഉള്ളംകൈയിൽ വെച്ചിരിക്കുന്ന ഒരു കിണ്ണം-ചിലപ്പോൾ അതിൽ ഒരു ഗ്ലാസ്സ് വെള്ളവും- താഴെ വീഴാതെ അതിവേഗത്തിൽ കളിക്കാരൻ വട്ടം ചുറ്റിക്കുന്നു. വേണ്ടത്ര വേഗത്തിൽ കൈ വീശിയില്ലെങ്കിൽ കിണ്ണം തെറിച്ചുപോകുന്നതാണു്. വേറൊരുദാഹരണം. ഒരു ബക്കറ്റിൽ വെള്ളമെടുത്തു വേഗത്തിൽ വട്ടത്തിൽ വീശുകയാണെങ്കിൽ ബക്കററ് കിഴക്കാംതൂക്കായാലും വെള്ളം പുറത്തു പോകുകയില്ല. വീശുന്നതു വളരെ പതുക്കെയായാൽ ഒരു കുളി പറ്റുമെന്നുമാത്രം! വട്ടത്തിൽ വീശുമ്പോഴുണ്ടാകുന്ന എന്തോ ഒരു ശക്തിയാണ് കിണ്ണം കൈയിൽനിന്നു തെറിച്ചുപോകാതെയും വെളളം ബക്കറ്റിൽ നിന്നു പുറത്തു പോകാതെയും ഇരിക്കുന്നതിന്നുള്ള കാരണം. മറെറാരുദാഹരണം ഇതിനെ കുറച്ചുകൂടി വ്യക്തമാക്കും. ഒരറ്റത്തു കല്ലു കെട്ടിയ ഒരു ചരടു് വട്ടത്തിൽ വീശുമ്പോൾ കൈയിൽ ഒരു വലിവു് - ബലം- അനുഭവപ്പെടുന്നു. ഇതിൽ നിന്നു്, കല്ലിന്മേൽ ഒരു ബലം പുറത്തേക്കു പ്രവർത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. വൃത്താകാരത്തിലുള്ള മാറ്റങ്ങളിൽ സഞ്ചരിക്കുന്ന എല്ലാ വസ്തുക്കളിലും ഇപ്രകാരം പുറത്തേക്കു വലിക്കുന്നതായ ഒരു ബലം പ്രവർത്തിക്കുന്നുണ്ട്. ഇതിന്നു് 'അപകേന്ദ്രബലം' (Centrifugal force) എന്നു പറയുന്നു. ചുഴറ്റലിന്റെ വേഗതയും വൃത്തത്തിലുള്ള മാൎഗ്ഗത്തിന്റെ വലിപ്പവും കൂടുംതോറും ഈ അപകേന്ദ്രബലവും വൎദ്ധിക്കുന്നു.