ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നക്ഷത്രങ്ങളുടെ നാട്ടിൽ 19

ഗ്രഹങ്ങളാൽ അനുഗതനുമായ സൂൎയ്യൻ ഗാലൿസിയുടെ കേന്ദ്രത്തിൽനിന്നും 30,000 ദീപ്തിവൎഷം ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരിടത്തരം നക്ഷത്രമാണു്. ചക്രാകൃതിയിലുള്ള ഈ ഗാലൿസിയുടെ വണ്ണം വെറും 50 ദീപ്തിവൎഷങ്ങൾ മാത്രമാകുന്നു. 10,000 കോടി നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ഗാലൿസിയെങ്കിലും അതിന്റെ പരിമാണത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു് നക്ഷത്രങ്ങളുടെ ആകെയുള്ള പരിമാണം. ഇപ്പോൾ ഉള്ളതിന്റെ ഒരു പത്തുലക്ഷം മടങ്ങു നക്ഷത്രങ്ങളേക്കൂടി അതിൽ സംഘട്ടനഭയം കൂടാതെ നിഷ്പ്രയാസം കൊള്ളിക്കാവുന്നതാണു്. നമ്മുടെ ഗാലൿസിയുടെ ഏററവും അടുത്തതും ഏകദേശം അതിനേപ്പോലെയിരിക്കുന്നതുമായ 'അൻഡ്രോമീഡ' (Andromeda) എന്ന ഗാലൿസിയുടെ ഒരു ഫോട്ടോയാണ് ഒന്നാം പടത്തിൽ കൊടുത്തിരിക്കുന്നതു്. അതിൽനിന്നും ഗാലൿസികളുടെ ഒരു സാമാന്യരൂപം അറിയാവുന്നതാണ്.

ഇത്രയും ഭീമമാണു് നമ്മുടെ ഗാലൿസി. പക്ഷേ, പ്രപഞ്ചത്തിൽ സംഖ്യയറ്റ ഇത്തരം ഗാലൿസികളുണ്ട് . വലിയ ദൂരദൎശിനികളിൽക്കൂടി നോക്കിയാൽ ഏകദേശം 100 കോടി ദീപ്തിവൎഷം ദൂരംവരെ കാണാവുന്നതാണു്. അതു് വ്യാസാൎദ്ധമായ ഗോളത്തിനുള്ളിൽ ഏകദേശം 10 കോടി ഗാലൿസികളെങ്കിലും ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ഗാലൿസിയിൽനിന്നു മറെറാന്നിലേക്കുള്ള ശരാശരി ദൂരം 10 ലക്ഷം ദീപ്തിവൎഷങ്ങളാണു്. മേൽ കൊടുത്ത കണക്കുകളിൽനിന്നും സഹാറാ മരുഭൂമിയിൽ ഒരു മണൽത്തരിക്കുള്ള സ്ഥാനം തന്നെ അനന്തമായ ഈ പ്രപഞ്ചത്തിൽ ഭൂമിക്കില്ലെന്നു മനസ്സിലാക്കാവുന്നതാണു്.

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/19&oldid=244984" എന്ന താളിൽനിന്ന് ശേഖരിച്ചത്