ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
12 നക്ഷത്രങ്ങളുടെ നാട്ടിൽ

ഉത്സവവേളകളിൽ മുകളിലേക്കു ചീറിപ്പായുന്ന വാണങ്ങളെ വാൻഹു കുട്ടിക്കാലം മുതൽക്കു കണ്ടിട്ടുണ്ട്. വികൃതിപ്പയ്യന്മാർ ഒരുവേള എലി, പൂച്ച മുതലായ ചെറുജന്തുക്കളെ വാണത്തിന്മേൽ കൊളുത്തി വിട്ടിരുന്നതും കണ്ടിരിക്കാം. ഏതായാലും വാൻഹുവിന്നു് ആകാശത്തിലൂടെ സഞ്ചരിക്കണമെന്നൊരു മോഹം തോന്നി. കുറെ ആശാരിമാരെ വിളിച്ചു പ്രത്യേകരീതിയിൽ ഒരു കസേരയുണ്ടാക്കി, അതിൽ 47 വലിയ വാണങ്ങൾ ഘടിപ്പിക്കുകയും മുകളിൽ ഒരു പട്ടം ഉറപ്പിക്കുകയും ചെയ്തപ്പോൾ വാൻഹുവിന്റെ ആകാശനൗക തയ്യാറായി. ഒരു ശുഭമുഹൂൎത്തത്തിൽ ഗുരുദേവന്മാരെയെല്ലാം വന്ദിച്ചു വാൻഹു കസേരയിൽ കയറി ഇരുന്നു. നിശ്ചിതസമയത്ത് ഒരു ഹുംകാരശബ്ദം പുറപ്പെടുവിച്ചപ്പോൾ 47 കൂലിക്കാർ ചുറ്റും വന്നു എല്ലാ വാണങ്ങൾക്കും ഒരേസമയം തീ കൊടുത്തു. ഒരു മിന്നൽ, ഒരു ചീറ്റൽ, ഒരു പൊട്ടൽ വാൻഹുവിനെ പിന്നീടാരും കണ്ടിട്ടില്ല. ഉടലോടെ സ്വൎഗ്ഗത്തിലെത്തിയെന്നാണ് പൊതുജനവിശ്വാസം!

ഈ കഥയുടെ അടിസ്ഥാനം എന്തായാലും വേണ്ടില്ല; ഒരുകാൎയ്യം പ്രത്യേകം പ്രസ്താവ്യമാണ്. ഇന്ന് ചന്ദ്രനിലേക്കോ ഗ്രഹങ്ങളിലേക്കോ പോകുവാൻ റോക്കറ്റുകൾ -വാണങ്ങൾതന്നെ- മാത്രമാണു് നമുക്കു സഹായമായിട്ടുള്ളത്. പക്ഷേ, വാൻഹുവിനുശേഷം ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ആകാശസഞ്ചാരത്തിനായി റോക്കറ്റുകൾ പുനരുദ്ധരിക്കപ്പെട്ടത്.

വിജ്ഞാനം വളൎന്നുവന്നു. സങ്കല്പകഥകളെ യാഥാൎത്ഥ്യങ്ങളാക്കുവാൻ മനുഷ്യൻ വെമ്പൽകൊണ്ടു. തനിക്കു ചുറ്റുമുള്ള ലോകത്തെപ്പറ്റി അറിവു വൎദ്ധിച്ചുവന്നതോടെ അവയെ കീഴടക്കുവാനുള്ള മനുഷ്യന്റെ ശ്രമങ്ങളും കൂടു

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/12&oldid=243079" എന്ന താളിൽനിന്ന് ശേഖരിച്ചത്