| 10 | നക്ഷത്രങ്ങളുടെ നാട്ടിൽ |
നങ്ങൾ ഉണ്ടാക്കുന്ന വിധങ്ങളെപ്പറ്റിയും അതിന്നാവശ്യമായ ലോഹങ്ങളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നതും ഭരദ്വാജമഹൎഷിയാൽ രചിക്കപ്പെട്ടവയെന്നു വിശ്വസിക്കപ്പെടുന്നവയുമായ 'വിമാനശാസ്ത്രം,' 'യന്ത്രസംഗ്രഹം' എന്നിങ്ങനെ രണ്ടു സംസ്കൃതഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിട്ടുള്ളതായി മൈസൂറിലെ അന്താരാഷ്ട്രീയ സംസ്കൃത ഗവേഷണശാലയുടെ ഡയറക്ടർ പ്രസ്താവിച്ചിരിക്കുന്നു.
ഗ്രീക്കുകാരുടെ ഇതിഹാസങ്ങളിലും ആകാശസഞ്ചാരകഥകൾ കുറവല്ല. ആദ്യമാദ്യമെല്ലാം മനുഷ്യർ പക്ഷികളെ അനുകരിപ്പാനാണു ശ്രമിച്ചത്. ദെദാലുസ്, ഇക്കാറസ് എന്നീ രണ്ടുപേർ ഭീമാകാരങ്ങളായ ചിറകുകൾ ഉണ്ടാക്കി മെഴുകുകൊണ്ട് തങ്ങളുടെ ദേഹത്തിൽ ഒട്ടിച്ചു പറന്നുവത്രെ! ഇക്കാറസ് സൂൎയ്യന്റെ വളരെയധികം അടുത്തു പറക്കുകയാൽ മെഴുകുരുകി ചിറകറ്റു് സമുദ്രത്തിൽ വീണു മരിച്ചുപോയി! മഹാനായ അലക്സാണ്ടർ പരുന്തുകളെ പൂട്ടിയ രഥത്തിൽ സ്വൎഗ്ഗത്തിലെത്തുവാൻ ശ്രമിച്ചതായും കഥയുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഏതാനും നാഴിക ദൂരം വരെ മാത്രമേ വായുവുള്ളു എന്നും അതിനപ്പുറം ചിറകുകൾകൊണ്ടു പ്രയോജനമില്ലെന്നും അവർ മനസ്സിലാക്കിയിരുന്നില്ല. മനുഷ്യന്റെ അറിവു വൎദ്ധിച്ചു വന്നതോടുകൂടി ചിറകുകളുടെ നിസ്സഹായത അവനു മനസ്സിലായി. ആയിടയ്ക്കാണ് ചൈനാക്കാർ ആദ്യമായി വാണങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങിയതു്. ആദ്യമാദ്യം ആഘോഷങ്ങൾക്കായും പിന്നീടു യുദ്ധാവശ്യങ്ങൾക്കായും വാണങ്ങൾ—റോക്കറ്റുകൾ—ഉപയോഗിക്കപ്പെട്ടു. വാണങ്ങളെ ആകാശസഞ്ചാരത്തിന്നു് ആദ്യമായി പരീക്ഷിച്ചുനോക്കിയതിനെപ്പറ്റി രസാവഹമായ ഒരു കഥയുണ്ടു്. ചീനയിലെ ഒരിടത്തരം സൎക്കാരുദ്യോഗസ്ഥനായിരുന്നു വാൻഹു.