രണ്ടാമങ്കം
പണ്ടത്തെപ്പോലെതന്നെ എല്ലാം ശാന്തവും സുസ്ഥിരവുമായിത്തീരുന്നു. (ഗോവിന്ദസിംഹൻ പ്രവേശിക്കുന്നു.) റാണ - ആര്? ഗോവിന്ദസിംഹനോ? എന്താ ഇത്ര പെട്ടന്നിങ്ങോട്ടു പോന്നതു്? ഗോവിന്ദ - മഹാരാജാവേ! മേവാഡിനെ ആക്രമിക്കാൻ പിന്നേയും മുഗളന്മാരുടെ ഒരു സൈന്യം വരുന്നുണ്ട്. റാണ - വന്നുകഴിഞ്ഞുവോ? ദേവാർയുദ്ധംകൊണ്ടു മാത്രം യുദ്ധത്തിനു് അവസാനമുണ്ടാവുന്നതല്ലെന്നു നാം മുൻകൂട്ടിത്തന്നെ കരുതീട്ടുള്ളതാണല്ലൊ. എന്നുവരെ രാജപുത്രസ്ഥാനം മുഴുവനും മുടിക്കാതിരിക്കുന്നുവോ അന്നുവരെ മുഗളന്മാർ അടങ്ങിപ്പാർക്കുകയില്ല. ഗോവിന്ദ - മഹാരാജാവേ! നമ്മുടെ ഭാഗത്തു ഇതുവരേയും യാതൊരൊരുക്കങ്ങളും കൂട്ടാതിരിക്കുന്നതിന്റെ കാരണമെന്താവോ? റാണ - എന്തിനു? ഒരുക്കങ്ങൾ കൂട്ടുന്നതിന്റെ ആവശ്യം? ഗോവിന്ദ - ഇനി മഹാരാജാവു തിരുമനസ്സുകൊണ്ടു യുദ്ധംചെയ്യാൻ ഭാവമില്ലെ? റാണ - എന്തിനാ? യുദ്ധംകൊണ്ടു ഫലമെന്താണു? ഗോവിന്ദ - മഹാരാജാവേ! അല്ലെങ്കിൽ മുഗളന്മാർ വന്നു മേവാഡിനെ ക്ഷണത്തിൽ കൈവശപ്പെടുത്തില്ലേ?
റാണ - അവർക്കത്ര മോഹമുണ്ടെങ്കിൽ പിന്നതിലെന്താണാക്ഷേപം?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.