രംഗം) മൂന്നാമങ്കം
മഹാബ - അച്ഛ! ഇതാണോ അവിടുത്തെ ഉദാരമായ, അല്ല അത്യുദാരമായ ഹിന്ദുധർമ്മം? ഹിന്ദുക്കൾക്കു മുസൽമാന്മാരോടു് ഇത്ര നിന്ദയും വിദ്വേഷവുമോ? കല്യാണിയ്ക്കു അവളുടെ ഭർത്തൃഭക്തിയുടെ ഫലമായി ഗൃഹത്തിൽ നിന്നും ബഹിഷ്കരണമാണല്ലൊ സിദ്ധിച്ചതു്. അച്ഛ! അവിടുന്നെന്നോടു പ്രായശ്ചിത്തം ചെയ്യേണമെന്നു പറഞ്ഞുവല്ലോ. ഞാൻ പ്രായശ്ചിത്തം ചെയ്യും. നിശ്ചയമായും ചെയ്യും. എന്നാൽ ഞാൻ മുസൽമാനായിത്തീരുന്നതുകൊണ്ടല്ല; ഏതാനും കാലം ഹിന്ദുവായിരിക്കയുണ്ടായല്ലൊ എന്നതുകൊണ്ടാണു്. ആ ഹിന്ദുവായിരുന്നതിന്റെ പാപത്തിനു ഞാൻ നിശ്ചയമായും പ്രായശ്ചിത്തം ചെയ്യുന്നതാണു്. സഗര - മഹാബത്തുഖാൻ!- മഹാബ - അച്ഛ! ഹിന്ദുക്കളെപ്പറ്റി എന്റെ ഹൃദയത്തിൽ വല്ല അനുകമ്പയുടെ ശകലമെങ്കിലും അവശേഷിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അതുംകൂടി ഞാനിപ്പോൾ ദൂരെയെറിഞ്ഞുകളഞ്ഞു. ഞാനിന്നു ഞരമ്പുകൾകൊണ്ടും രോമങ്ങൾകൊണ്ടും മുസൽമാനായിത്തീർന്നിരിക്കുന്നു. സഗര - മഹാബത്തുഖാൻ! മഹാബ - അച്ഛ! ഞാൻ വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളുവെന്നു് അവിടേയ്ക്കു നല്ലപോലെ അറിയാവുന്നതാണല്ലൊ. ഞാനൊരിക്കലൊരു പ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ അതു വളരെ ഭീഷണമായിത്തീരുമെന്നും അവിടുന്നറിയാത്തതല്ലല്ലൊ.
(മഹാബത്തുഖാൻ അവിടെനിന്നും പോകാൻഭാവിക്കുന്നു.)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.