താൾ:Mangalodhayam book-6 1913.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എരവാലന്മാർ 39

എരവാലന്മാർ ശവം കുഴിച്ചിടുകയും അഞ്ചുദിവസം പുല ആചരിക്കുകയും ചെയ്യുന്നു. ആറാം ദിവസം കാലത്തു പ്രധാന ബലിക്കാരൻ (അതായതു മരിച്ചവന്റെ മകനോ അനുജനോ) ക്ഷൗരംചെയ്തു കുളി കഴിച്ചു പിതൃപ്രീത്യർത്ഥാ ചോറും പഴവും മലരും ബലികൊടുക്കുകയും പിന്നീടു ആണ്ടിലൊരിക്കൽ കൊയ്ത്തുകാലത്തു എല്ലാവർക്കും സദ്യകഴിച്ചു വരികയും ചെയ്യുന്നു. മരിച്ചവന്നു മകനില്ലെങ്കിൽ സഹോദരന്മാരാണ് ശേഷക്രിയ ചെയ്യുന്നത്. കുട്ടികളുടെ മരണത്തിന്നും അഞ്ചുദിവസത്തെ പുല ആചരിക്കാറുണ്ട്. മരിച്ചവരുടെ പ്രീതിക്ക് വഴിപാടുകൾ ചെയ്തുവരാറുമുണ്ട്.

എരവാലന്മാരുടെ മുഖ്യതൊഴിൽ കൃഷിയാണ്. അവർ പറമ്പുകൾ ഉഴുത് ചാമ, ചോളം, തുവര, എള്ള് മുതലായവ കൃഷിചെയ്യും. ഉഴലും വിതയും മേടം, എടവം മാസങ്ങളിലും, കൊയ്ത്തു തുലാം, വൃശ്ചികം മാസങ്ങളിലുമാണ് ആരംഭിയ്ക്കുന്നത്. അവർ ഇക്കാലങ്ങളിൽ കൃഷിയിൽ തന്നെയാണ് മിക്കവാറും ഏർപ്പെടുക. മറ്റുള്ള മാസങ്ങളിലെ മുഖ്യതൊഴിൽ തോട്ടം നോക്കുകയും വേലികെട്ടുകയും പിര മേയുകയുമാണ്. അവർ സമർത്ഥന്മാരായ നായാട്ടുകാരാകുന്നു. കാട്ടിലെ നിത്യവാസത്താലും പരിചയത്താലും അവർക്കു മൃഗങ്ങളുള്ളേടം മണത്തറിയുവാൻ കഴിയുന്നതാണ്. അതിനാൽ വഴിപോക്കർക്കു അപകടമുള്ളേടം പറഞ്ഞുകൊടുപ്പാനും നായാട്ടുകാർക്കു വഴികാട്ടിക്കൊടുപ്പാനും അവർ വലിയ സഹായമായിത്തീരുന്നുണ്ട്. നായാട്ടിന്നു പത്തോ പതിനഞ്ചോ പേർ സംഘം ചേർന്ന്, കത്തിയും അമ്പും വില്ലും ധരിച്ചുപോയി, കാടുതെളിച്ചു മൃഗങ്ങളെ വലയിൽ ചാടിച്ച് അവിടെ വെച്ച് അടിച്ചോ വില്ലുകൊണ്ട് എയ്തോ കൊന്നു വീഴ്ത്തി, എല്ലാവരുംകൂടി സമമായി ഭാഗിച്ചെടുക്കും. മുയൽ, മുള്ളൻ, പന്നി എന്നിവയെയാണ് അധികമായി നായാട്ടുകഴിക്കാറ്. പറക്കുന്ന പക്ഷിയെക്കൂടി എയ്തുവീഴ്ത്തുവാൻ അവർക്ക് ഉന്നവും വിൽപ്രയോഗത്തിൽ സാമർത്ഥ്യവുമുണ്ട്.

എരവാലന്മാരുടെ മുഖ്യ ആഹാരം ചാമക്കഞ്ഞിയും ചോളക്കഞ്ഞിയുമാകുന്നു. അവർ ഇത് ഉപ്പും മുളകും പുളിയും കൂട്ടി ചാലിച്ചുകഴിയ്ക്കും കാലത്തേയ്ക്കുള്ള കഞ്ഞി തലേന്നാൾ രാത്രി തന്നെ പാകം ചെയ്യും. മുത്താഴത്തിന്നും ഇതുതന്നെ. അതിലേയ്ക്കു ചിലപ്പോൾ അവർ കാക്കുന്ന തോട്ടങ്ങളിൽനിന്നും തട്ടിക്കൊണ്ടുപോകുന്ന കായ്കനിസാധനങ്ങളും പരിപ്പു, മുതിര ഇതുകളും കൂട്ടിയുണ്ടാക്കിയ ഒരു കറിയുമുണ്ടാവും. ആടു, കോഴി, പന്നി, മുയൽ, കാട, പ്രാവ് ഇതുകളുടെയും പേയ്ക്കാൻ തവളയുടെയും മാംസം അവർ ഭക്ഷിയ്ക്കും. ബ്രാഹ്മണന്മാരുടെയും നായന്മാരുടെയും കമ്മാളന്മാരുടെയും ഈഴവന്മാരുടെയും ഭക്ഷണവും കഴിയ്ക്കും. എന്നാൽ മണ്ണാന്മാർ, പാണന്മാർ, പായന്മാർ, ചെറുമന്മാർ ഇവർ വെച്ച യാതൊന്നും ഭക്ഷിക്കയില്ല. അവർ ബ്രാഹ്മണരേക്കാളും നായന്മാരേക്കാളും താണതാണെന്ന് സമ്മതിയ്ക്കുകയും അവരെ അശുദ്ധപ്പെടുത്താതിരിപ്പാൻ ദൂരെ മാറി സഞ്ചരിയ്ക്കുകയും ചെയ്യും.

എരവാലന്മാർ സ്വാതന്ത്ര്യമുള്ള ചെറുയോഗങ്ങളായി പാർത്തുവരുന്നില്ല. മിക്കവരും അതാതു കുടുംബക്കാരുടെ ജന്മികൾ കീഴിൽപാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/180&oldid=165118" എന്ന താളിൽനിന്ന് ശേഖരിച്ചത്