ഇന്ത്യയും ഈജിപ്തും 143
ല്ലോ. ആ വാക്കും 'കു'(ഭൂമി)എന്ന സംസ്കൃതശബ്ദത്തിൽ നിന്നുണ്ടായതായിരിയ്ക്കാം. അപ്പോൾ 'കമിത്' എന്നതിന്നു കു(ചീത്ത,കറുത്ത) മൃത് (മണ്ണ്) എന്നിങ്ങനെ 'കറുത്ത മണ്ണോടുകൂടിയത്' എന്ന ഒരർത്ഥം കൂടി വിചാരിയ്ക്കാവുന്നതാണ്. പാശ്ചാത്യപണ്ഡിതന്മാരാൽ എഴുതപ്പെട്ട ഈ ഗ്രന്ഥപരമ്പരയിൽ പറയുന്നവിധം സംസ്കൃത ശബ്ദങ്ങളിൽ നിന്നാണ് ഈ വക പേരുകൾ ഉത്ഭവിച്ചിട്ടുള്ളതെങ്കിൽ സംസ്കൃതഭാഷ സംസാരിച്ചിരുന്ന പ്രാചീനഹിന്തുക്കൾ ഈജിപ്തിൽ വാസം ചെയ്തിരുന്നു എന്നതൂഹിയ്ക്കുന്നതിന്നു ന്യായമില്ലയോ? ഈജിപ്തിലെ പുരാതന നിവാസികൾ. അവിടുത്തുകാരും മറ്റൊരു രാജ്യക്കാരും കൂടിച്ചേർന്നുണ്ടായ ഒരു മിശ്രജാതിക്കാരായിരുന്നു എന്നു മുമ്പു പറഞ്ഞുവല്ലോ. ഇപ്പോഴും നാം ഈജിപ്തിനെ മിശ്ര രാജ്യം എന്നു വിളിയ്ക്കുന്നു. ആ അന്യരാജ്യക്കാർ 'ആമെൻ', 'ഹറസ്', 'ഹതർ' എന്നീ മൂന്നുപേരുടെ നേതൃത്വത്തിൻകീഴിൽ നൈൽ നദിയുടെ തീരപ്രദേശങ്ങളിൽ വന്നു കുടിയേറിപ്പാർത്തു. ഡോക്ടർ പറയുന്ന ഈ മൂന്നു നേതാക്കന്മാർ_പൺട രാജ്യത്തിൽനിന്നു വന്നവരെല്ലാം ദിവ്യന്മാർ, ദേവകൾ ആയിരുന്നു എന്നു വിചാരിയ്ക്കുന്ന സ്ഥിതിയ്ക്ക് അവരിൽവെച്ച് ഉൽകൃഷ്ഠന്മാരായ ഈശ്വരന്മാർ_ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നീ നമ്മുടെ ത്രിമൂർത്തികൾ തന്നെയല്ലയോ? ആമേൻ എന്ന വാക്ക് 'ഓം' എന്ന ബ്രഹ്മസംജ്ഞയിൽ നിന്നുണ്ടായതായിരിയ്ക്കാം. ഹറസ് എന്ന വാക്ക് ഹരഃ എന്നതിൽനിന്നും ഹതർ എന്നത് 'ഗോതൃ' എന്നതിൽനിന്നും ഉണ്ടായതായും വിചാരിയ്ക്കാവുന്നതാകുന്നു. ഈ മൂന്നു മൂർത്തികളുടെ കീഴിലായല്ലാതെ യാതൊരു മതാചാരങ്ങളും ഇല്ലെന്നുള്ള നമ്മുടെ വിശ്വാസത്തെ മുനിർത്തിക്കൊണ്ട് ഇവിടെനിന്ന് ആദ്യമായി ഈജിപ്തിൽ ചെന്ന 'ദേവന്മാരെ' അവർ ആത്രിമൂർത്തികളുടെ നേതൃത്ത്വത്തിൻകീഴിൽ നില്ക്കുന്നവർ എന്നു പറഞ്ഞു വന്നിരിയ്ക്കണം. ആദ്യകാലങ്ങളിൽ 'ചുകന്ന കിരീടത്തോടുകൂടിയവർ' എന്നും 'വെളുത്ത കിരീടത്തോടുകൂടിയവർ' എന്നും രണ്ടു രാജവംശങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടല്ലൊ. അവരിൽ ആദ്യം പറഞ്ഞവർ സൂര്യവംശക്കാരും പിന്നെ പറഞ്ഞവർ ചന്ദ്രവംശക്കാരും ആയിരിയ്ക്കാം. പിന്നീട് മെനസ് രാജാവ് രണ്ടു വംശവും കൂടി ഒന്നാക്കി. 'യവനപണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈജിപ്തിലെ ആദ്യത്തെ രാജാവിന് മെനസ്,മെന, എന്നു പേരായിരുന്നു' എന്നു പറയുന്നുണ്ട്. ഒന്നാമത്തെ രാജാവ് 'മനു' ആയിരുന്നു എന്നു ഹിന്തുക്കളും വിശ്വസിയ്ക്കുന്നു. അതിനാൽ ഈജിപ്ത് പിടിച്ചടക്കിയ പ്രാചീന ഹിന്തുക്കൾ തങ്ങളുടെ രാജാവിന്ന്, ഇവിടുത്തെ സമ്പ്രദായപ്രകാരം, മനു, അല്ലെങ്കിൽ മെനസ് എന്നു പേരിട്ടതായിരിയ്ക്കണം എന്നു വിചാരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇത്രയും പറഞ്ഞുകൊണ്ട് ഈജിപ്ത് ആദ്യമായി പിടിച്ചടക്കി ഇത്രയും അത്ഭുതകരമായ ഒരു പരിഷ്കൃതസമ്പ്രദായത്തെ അവിടെ ആദ്യമായി നടപ്പാക്കിയവർ നമ്മുടെ പൂർവ്വികന്മാരായ ഹിന്തുക്കൾ തന്നൊയാണെന്ന് ഒരു വിധം തെളിഞ്ഞിരിയ്ക്കണം. ഏതായാലും ചേരുകളെക്കൊണ്ടും മറ്റുമുള്ള അനുമാനങ്ങൾ ഇങ്ങിനെ നിർത്തി ഇനി നമുക്കു കുറച്ചുകൂടി ഉള്ളിലേയ്ക്കു കടന്നു പരിശോധിച്ചുനോക്കാം.
നാലപ്പാട്ട് നാരായണമേനോൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.