താൾ:Mangalodhayam book-6 1913.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

134 മംഗളോദയം


ബഹുലമായ ഭാഷയിലാണ് സംഭാഷണം ചെയ്യുന്നത്. ഈ അസ്വാഭാവികതയോ ഇരിയ്ക്കട്ടെ, കാർന്നോരു സംഭാഷണമധ്യേ പൊളിപ്പറമ്പനോടു ചോദിയ്ക്കുന്നു; 'നമ്മുടെ ഭാർയ്യയെ പൊളിപ്പറമ്പൻ കണ്ടിട്ടില്ലേ?'-എന്ന്. ഇതിന്നു, 'കുനുട്ടുംതറെ അജ്ഞാനക്കാളിയമ്മയല്ലേ?.... ... ...ഒത്തനടുവിലുള്ള പല്ലു പറിഞ്ഞുപോയെങ്കിലും ... ... ...മഹാലക്ഷിതന്നെ'- എന്ന മറുവടി ലോകസ്വഭാവത്തിന്ന് അനുസരിയ്ക്കുന്നില്ല. അക്രമികളുടെയും അനാചാരക്കാരുടെയും ഇടയിലും പരിചയക്കാർ തമ്മിൽ ഭാർയ്യാജനത്തെക്കുറിച്ച് ഇങ്ങിനെ സംസാരിയ്ക്കുക മർയ്യാദയല്ല; ഇതുമാത്രമോ? ആ കാളിയമ്മ കാർന്നോരെ തേടി തെരുവീഥിയിൽ വരുന്ന സന്ദർഭത്തിൽ, കാർന്നോരോടു പൊളിപ്പറമ്പൻ ആ സ്ത്രീയെപ്പറ്റിപറയുന്ന, 'മച്ചിത്തംകവരാൻവരച്ചകുറിയും.... .....'

ഇത്യാദിവാക്കുകൾ, പ്രകൃത്യാതന്നെ സ്ത്രീ വിഷയസ്പർധയോടുകൂടിയ മനുഷ്യവർഗ്ഗത്തിന്റെ ഏതൊരു സമുദായത്തിലും സംഭാവ്യമല്ല. അതും പോകട്ടെ. കാർന്നോർ മുതലായവർ ജേലിൽനിന്നു ചാടിപ്പോയ അക്രമികളാണെങ്കിൽ, അവർ പച്ചപ്പകലിൽ 'പരസ്യവീഥി'കളിൽ നിർബാധമായും നിർഭയമായും സഞ്ചരിയ്ക്കുകയും സംഘംകൂടി വർത്തമാനം പറകയും ചെയ്യുമെന്ന് വിചാരിപ്പാൻ, കുറ്റക്കാരെ സംബന്ധിച്ചുള്ള മനശാസ്ത്രം അനുവദിയ്ക്കുന്നില്ല. അതിലും വിശേഷിച്ച്, അവർ തങ്ങളെ ശിക്ഷിപ്പാൻ അധികാരമുള്ള ഒരു സർക്കാരുദ്യോഗസ്ഥന്റെ-കുന്നലക്കോന്റെ- ഇരിപ്പിടത്തിന്നു സമീപത്തുനിന്ന് അങ്ങിനെ സ്വൈരസല്ലാപം ചെയ്യുന്നതു തീരെ അസംഗതമായിരിയ്ക്കുന്നു. അതുമിരിയ്ക്കട്ടെ, കുന്നലക്കോൻ ശിപായിയെക്കൊണ്ടു പിടിപ്പിച്ചു മുമ്പിൽ വരുത്തിയ മേല്പടി അക്രമികളോട്, 'ആകട്ടെ, ആചാർയ്യസ്വാമികളുടെ മനീഷാപഞ്ചകം നിങ്ങൾ വായിച്ചിട്ടുണ്ടോ?'-എന്നു വേദാന്തകഥാപ്രസംഗം ചെയ്യുന്നത് ഒരു പുതുമതന്നെയാണ്. അവിടെ നില്ക്കുന്നവർ അക്രമികളും പഠിപ്പില്ലാത്തവരുമാണെന്നു കുന്നലക്കോന് അറിവുണ്ട്. അവർ മറ്റുള്ള വക അറിവുകൾ നേടിയ നേടിയശേഷമല്ലെ മനീഷാപഞ്ചകം വായിപ്പാൻ സാങ്ഗത്യമോ ഔചിത്യമോ ഉണ്ടാവുക? ഈ നിലയിൽ അവരോടു മനീഷാപഞ്ചകകഥാപ്രസംഗം ചെയ്യുന്ന കുന്നലക്കോൻ ലോകസ്വഭാവത്തെ അനുസരിയ്ക്കുന്നുണ്ടെന്നു പറവാൻ മാർഗ്ഗമില്ല. ആ ചോദ്യത്തിന്നു, പുലയനായ കൊച്ചാലു, വലിയേ കേറിച്ചെന്ന് ഉത്തരം പറയുന്നതും സ്വാഭാവികമല്ല; അവൻ ആ പഞ്ചകത്തെ കുമ്മിയാക്കിപ്പാടുന്നത് അതിലുമധികം അസ്വാഭാവികവും, കവിയുടെ പണ്ഡിതമാനതയ്ക്ക് ഒരു ലക്ഷ്യമായിരിയ്ക്കുന്നതൊഴികെ, ഒരു പ്രകാരത്തിലും സന്ദർഭത്തിന് ഉചിതമല്ലാത്തതും ആകുന്നു. മനീഷാപഞ്ചകം കുമ്മിയിൽ ഇന്ത്യാചക്രവർത്തിയുടേയും കൊച്ചിതമ്പുരാൻ തിരുമനസിലെയും ഭരണചരിതങ്ങളെ പ്രസംഗിയ്ക്കുന്നതിന്റെ അനൌചിത്യത്തെപ്പറ്റി ഇവിടെ വിശേഷിച്ചു പറയേണ്ടുന്ന ആവശ്യമില്ല. കാർന്നോരുടെയും കൂട്ടരുടെയും അടികലശൽക്കുറ്റത്തിന് അവരെ മുറപ്രകാരം വിചാരണചെയ്യാതെ ശിക്ഷിയ്ക്കുന്നതു രാജ്യനിയമങ്ങൾക്ക് യോജിയ്ക്കുന്നില്ലെന്ന് മുമ്പു പറഞ്ഞുവല്ലോ. കൊച്ചിരാജ്യത്ത് നീതിനിയമവ്യവസ്ഥ അങ്ങിനെയല്ലാത്ത സ്ഥിതിയ്ക്ക് ആ വർണ്ണന തീരെ അവാസ്തവമാകുന്നു. വിശേഷിച്ചും, കൊച്ചിയിൽനിന്ന് ഒ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/159&oldid=165105" എന്ന താളിൽനിന്ന് ശേഖരിച്ചത്