താൾ:Mangalodhayam book-6 1913.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ ആ മഹാപുരുഷന്റെ നാമധേയത്തിന്ന് സ്വർഗ്ഗവാസകളായ ദേവന്മാരുടെ യശസ്സിനെക്കൂടെ മലിനമാക്കിത്തീർക്കാനുള്ള ശക്തി ഉണ്ടായി. ഈ മഹാപുരുഷന്ന് പറച്ചിയുടെ സമ്പർക്കം കൊണ്ടുണ്ടായ മാലിന്യം നീക്കാൻവേണ്ടി അയാൾ ഒരു ശുദസ്ത്രീയുടെ മുലകുടിച്ചു വളർന്നുവന്നതാണെന്നു ആക്കിത്തീർക്കാൻ കാശ്മീരകവികൾ വളരെ പണിപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ തന്റെ പോറ്റമ്മയായ പറച്ചിയെ പെറ്റമ്മയെപ്പോലെയുള്ള ഭക്തിബഹുമാനങ്ങളോടുകൂടി ആദരിച്ചുവരികയും അവളുടെ പേരിനെതന്നെ താനും ധരിയ്ക്കുകയും ചെയ്തു. തന്നെ പോറ്റി വളർത്തിയ പറച്ചിയുടെമേൽ അയാൾക്കുണ്ടായ സ്നേഹാതിശയം നിമിത്തം മഹാന്മാരുമായി പരിചരിക്കൽ സംഗതി വന്നപ്പോൾ താൻ സുയ്യ എന്ന പറച്ചിയുടെ മകനാണെന്നു പറവാൻ അയാൾക്ക് ലേശം കുണ്ഠിതം ഉണ്ടായില്ല. നീചനായ പറയനും നിന്ദ്യനല്ലെന്നുള്ള സംഗതിയ്ക്ക് 'സുയ്യൻ' ഒരുത്തമ ദുഷ്ടാന്തമാണ്. ഈശ്വരഭക്തികൊണ്ടും ത്യാഗശക്തികൊണ്ടും പറയനും ദേവതുല്യനായിത്തീരുമെന്നു കാശ്മീര ചരിത്രത്തിൽ നിന്നു നമുക്കു ഗ്രഹിപ്പാൻ കഴിയുന്നു. ഭക്തന്മാരിൽവെച്ച് അത്യുത്തമനായ നന്ദൻ പറയ കുലത്തിൽ ജനിച്ചവനാണല്ലൊ? നിഷാദനായ ഗുഹൻ ജഗദീശ്വരനായ ശ്രീരാമ ചന്ദ്രന്റെ ഇഷ്ടവയസ്യനായിരുന്നില്ലെ? ചണ്ഡാളൻ ഒരിയ്ക്കലും നിന്ദ്യനല്ല. താപാബലത്തിന്റേയും ത്യാഗബലത്തിന്റേയും മഹത്തായ തേജസ്സ് ആരുടെ ഹൃദയത്തിൽ പ്രകാശയ്ക്കുന്നുവൊ അവന്ന് ബ്രഹ്മതേജസ്സിനെക്കൂടി മലിനമാക്കിത്തീർക്കാനും കഴിയുന്നതാണെന്നു നാം എല്ലാവരും നല്ലവണ്ണം ഗ്രഹിയ്ക്കേണ്ടതാണ്. മനുഷ്യരുടെ ജാതിവിഭാഗങ്ങളെ തിരിച്ചറിവാനുള്ള ഉരക്കല്ല കർമ്മം ഒന്നു മാത്രമാണ്. പൂണുനൂൽ ധരിച്ചവരെല്ലാം ബ്രാഹ്മണരാവുന്നതല്ല. 'നയോനിന്നാപിസംസ്കാരോ നശ്രതംനചസന്തരിഃ കാരണാനിദ്വിജത്വസ്യ വൃത്തമേവതു കാരണം' എന്നാണ് ആപതന്മാർ പറയുന്നത് പറച്ചിയുടെ പോറ്റുമകനായ 'സുയ്യ'ന്നു ചെറുപ്പത്തിൽ ഉയർന്ന തരത്തിലുള്ള വിദ്യാഭ്യാസമൊന്നും ലഭിയ്ക്കാൻ കഴിഞ്ഞില്ല. സ്വല്പമായ വിദ്യാഭ്യാസം ചെയ്തതിന്റെ ശേഷം അവൻ ഒരു ഗൃഹസ്ഥന്റെ കുട്ടികളെ പഠിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടു. അവൻ പറച്ചിയുടെ പുത്രനായിരുന്നു എങ്കിലും വ്രതസ്നാനാദിനിയമങ്ങൾ അനുഷ്ഠിച്ച് ആത്മശുദ്ധിവരുത്താൻ അവൻ കഴിയുന്ന യത്നങ്ങൾ ചെയ്തു. പരോപകാരിയും ആത്മ ത്യാഗിയും സ്വദേശഗുണത്തിന്നു വേണ്ടി തന്റെ മനസ്സും പ്രാണനും ദേഹവും ഒരുപോലെ അർപ്പണം ചെയ്തവനും ആയ സുയ്യൻ കാശ്മീരപണ്ഡിതൻമാരുടെ ഏറ്റവും പ്രീതിയ്ക്ക് പാത്രമായിത്തീർന്നു. പിന്നെ ക്രമത്തിൽ അവന്റെ സ്വദേശഭക്തിയും സ്വദേശസ്നേവും വർദ്ധിച്ചു വന്നപ്പോൾ സുയ്യന്റെ നാമധേം പരക്കേയുള്ള ജനങ്ങൾക്കു ശ്രുതിമധുരമായി ഭവിച്ചു. കർമ്മശൂരനായ സുയ്യന്റെ ബുദ്ധിമാഹാത്മ്യത്തെ കുറിച്ച് രാജസദസ്സിൽ കേൾപ്പാനിടയായി. പിന്നെ പണ്ഡിതൻമാരുടെ സഹായത്താൽ അവന്ന് രാജസദസ്സിൽ ഒരു സ്ഥാനവും കിട്ടി. രാജസദസ്സിലുള്ള പണ്ഡിതൻമാർ അവന്റെ ബുദ്ധികൂർമ്മതയും സ്വാർത്ഥത്യാഗവും സ്വദേശ ഭക്തിയും കണ്ടു മോഹിതന്മാരായി സുയ്യന്റെ നാലു പുറവുംകൂടി അവന്റെ മുഖത്തിൽനിന്നു പുറപ്പെടുന്നജ്ഞ നഗർഭങ്ങളായ വാക്യങ്ങളെ ശ്രദ്ധവെച്ച് കേൾക്കാൻ തുടങ്ങി. സുയ്യൻ കാശ്മീരത്തിലുള്ള സകല പ്രദേശങ്ങളിലും സഞ്ചരിക്കുകയും അവിടെയുള്ള ജനങ്ങളുടെ സ്ഥിതിയെപ്പറ്റി സൂക്ഷമമായ അറിവ് സമ്പാദിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അവൻ പല പ്രാവശ്യം നടന്നു കാണാത്തതായ ഗ്രാമങ്ങളൊ, നദികളൊ, തടാകങ്ങളൊ, കൃഷിസ്ഥലങ്ങളൊ, വയലുകളൊ കാശ്മീരദേശത്തിൽ ഉണ്ടായിരുന്നില്ല. സുയ്യന്റെ ദേശസഞ്ചാരത്തെപ്പറ്റി ചരിത്രകാരന്മാർ ഒന്നും പ്രസ്താവിച്ചു കാണുന്നില്ല.

ഒരിയ്ക്കൽ അവന്തിവർമ്മ രാജാവിന്റെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/124&oldid=165077" എന്ന താളിൽനിന്ന് ശേഖരിച്ചത്