താൾ:Mangalodhayam book-4 1911.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൂറോപ്പിന്റെ പുനർജ്ജന്മം ൪൯


ർമ്മിക്കാതെ നിവൃത്തിയില്ലാതായി. കപ്പലുണ്ടാക്കുന്ന സ്ഥലങ്ങളും കാലതാമസം കൂടാതെ യൂറോപ്പിൽ തന്നെ പല ദിക്കിലും ഉണ്ടാവുകയും ചെയ്തു. ഇപ്രകാരമുള്ള അനേകവിധവ്യാപാരങ്ങളെക്കൊണ്ടു ജനങ്ങളുടെ കയ്യിൽ ധനം ധാരാളം വർദ്ധിച്ചതോടുകൂടി വലിയ നഗരങ്ങൾ പലതും യൂറോപ്പിൽ അവിടവിടെയായി ഉണ്ടാവാനിടവന്നു. ഈ നഗരങ്ങളിലെ ജനങ്ങളെക്കാൾ പലവിധത്തിലും സ്വാതന്ത്ര്യം അധികരിച്ചുണ്ടായിരുന്നതു കൊണ്ട് അതിന്റെ ശേഷമുണ്ടായ പര്ഷ്കാരവർദ്ധനയ്ക്കു വലിയ ഒരു സഹായമായിത്തീരുകയും ചെയ്തു.

               പ്രാപഞ്ചികകാര്യങ്ങളിൽ മനുഷ്യരുടെ കണ്ണു തെളിയിക്കുവാൻ ഏറ്റവും നല്ലതു കച്ചവടമാകുന്നു. ഇതിൽ പ്രവേശിച്ചിട്ടു വളരെക്കഴിയുന്നതിന്നുമുമ്പു യൂറോപ്രന്മാർക്ക് അതിൽ നൈപുണ്യം സിദ്ധിച്ചു. അല്പകാലം കൊണ്ടു യൂറോപ്പിലെ കച്ചവടമെല്ലാം തങ്ങൾക്കു സ്വാധീനമാക്കിയതിന്റെശേഷം അവർ അന്യരാജ്യങ്ങളായിട്ടുള്ള കച്ചവടവും സ്വാധീനമാക്കുവാൻ ഉത്സാഹിച്ചു തുടങ്ങി. ഇന്ത്യാരാജ്യം വളരെ കാലമായിട്ടു തന്നെ ഏറ്റവും ഫലവത്തായ ഒരു രാജ്യമാണെന്നും കച്ചവടത്തിന്നു വളരെത്തരമുള്ള ഒരു ദിക്കാണെന്നും അവർക്കു കേട്ടറിവുണ്ടായിരുന്നു. മുഹമ്മദീയന്മാർ ആ ദിക്കിൽ നിന്നു കൊണ്ടുവന്നിരുന്ന ചരക്കുകളുടെ ഗുണവും അവകളെക്കൊണ്ടുള്ള വ്യാപാരം കൊണ്ട് അവർക്കുണ്ടായിരുന്ന ധനലാഭവും കണ്ടു യൂറോപ്യന്മാർക്ക് അവരുടെ നേരെ അസൂയയും ഉണ്ടായിരുന്നു. എന്നാൽ യൂറോപ്പും ഇന്ത്യയും തമ്മിൽ ഗതാഗതത്തിന്ന് അന്നുള്ള മാർഗമെല്ലാം മുഹമ്മദീയരുടെ കൈവശമായിരുന്നതിനാൽ ആ വഴിക്ക് ഇന്ത്യാ രാജ്യവുമായി കച്ചവടം ചെയ്വാൻ യൂറോപ്യന്മാർക്ക് അത്ര സൌകര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്ത്യയിലേക്ക് പുതുതായി ഒരു വഴി കണ്ടു പിടിക്കണമെന്നായി യൂറോപ്യന്മാരുടെ മോഹം. ഇതിന്നായി യൂറോപ്പിലെ എല്ലാ നാട്ടുകാരും ഉത്സാഹം തുടങ്ങി. എന്നാൽ അതു കണ്ടുപിടിപ്പാനുള്ള ഭാഗ്യം പോർച്ചുഗീസ്സുകാർക്കാണുണ്ടായത്. യൂറോപ്പിൽ നിന്നു കപ്പൽ കയറി അറ്റ്ളാൻറിക്സമുദ്രത്തിൽ കൂടി തെക്കോട്ടു പോയി ആഫ്രിക്ക മുഴുവൻ ഒന്നു ചുറ്റി അറബിക്കടലിൽക്കൂടി ഇന്ത്യയുടെ പടിഞ്ഞാറൻ കരയ്ക്കെത്തുക. ഇതാണവർ കണ്ടുപിടിച്ച പുതിയമാർഗ്ഗം. ഇതു കണ്ടുപിടിച്ചതു ക്രിസ്താബ്ദം പത്നഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലാകുന്നു. "വാസ്കോഡിഗാമ"എന്നൊരു പോർച്ചുഗീസുകാരനാണ് അതു കണ്ടുപിടിച്ചത്. ഡിഗാമ ആദ്യം കോഴിക്കോട്ടു വന്നിറങ്ങിയതും, സാമൂരിയുടെ അനുവാദ പ്രകാരം അവിടെ കച്ചവടം തുടങ്ങിയതും, സംഗതി വശാൽ അവർ തമ്മിൽ തെറ്റിയതും, ഡിഗാമ അവിടെ നിന്നു പോയി കൊച്ചിയിൽ ചെന്നു കൂടിയതും, അവിടുത്തെ രാജാവും സാമൂരിയും തമ്മിലുണ്ടായിരുന്ന സഹജവൈരത്തെ കുറെക്കൂടി വർദ്ധിപ്പിച്ചതും, അവരുടെ മത്സരംനിമിത്തം പോർച്ചുഗീസ്സുകാർക്ക് മലയാളത്തിൽ സ്ഥിരമായി വസിപ്പാൻ തരംകിട്ടിയതും മറ്റും ചരിത്ര പ്രസിദ്ധങ്ങളായ സംഗതികളാകയാൽ അതൊന്നും ഇവിടെ വിചാരിക്കേണ്ടതില്ലല്ലൊ.
                                                                                                                 (തുടരും)  

കെ. സി. വീരരായൻരാജാ ബി. എ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/66&oldid=165046" എന്ന താളിൽനിന്ന് ശേഖരിച്ചത്