താൾ:Mangalodhayam book-4 1911.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണിപ്രവാളശാകുന്തളം 265 ന്ന് അബലാരത്നത്തെ ആനയാക്കീട്ടുള്ളതും, ഭാരതരാമയണതർജ്ജമകളിൽ ശുദ്ധകേരളപദങ്ങൾക്കു വരുത്തിട്ടുള്ള വിഭക്തിപ്പൊരുത്തവും മണിപ്രവാളസ്വരൂപനിർണ്ണയത്തിൽ സാധകമോ ബാധകമോ ആയി കരുതിക്കൂടാ. മലയാളകൃതികളായി കേരളീയർ അഭിമാനിച്ചുവരുന്ന ഗ്രന്ഥപരമ്പര വഴിക്കുവഴി പരിശോധിച്ചു നോക്കുന്നതായാൽ ഭാഷയുടേതുപോലെ മണിപ്രവാളത്തിന്റെ രീതിക്കും ഏറെക്കുറെ വ്യവസ്ഥയില്ലതെയാണു കാണുന്നത്. സർവ്വതോമുഖമായ ഒരു സമ്പ്രദായം സ്ഥിരപ്പെടുന്നതുവരെ ഗ്രന്ഥതാരതമ്യം നോക്കി മണിപ്രവാളരീതി വ്യവസ്ഥപ്പെടുത്തുവാനെ സൌകര്യമുള്ളു. "പ്രതികൂലതാമുപഗതേ ഹി വിധൌ

വിഫലത്വമേതി ബഹുസാധനതാ"

ഇത്യാദിയായി സംസ്കൃതത്തിൽ പലേടത്തും പ്രയോഗിച്ചുവരുന്ന വിഭക്തിശ്ലേഷങ്ങൾ വിഭക്തിപ്രത്യയം ഉപയോഗിക്കാതെ തർജ്ജമ ചെയ്യുന്നതിനും ആനയെപിടിച്ചു അളുക്കിലാക്കുന്നതിനും ഉണ്ടാകാവുന്ന വൈഷമ്യത്തിലെന്തന്തരമാണുള്ളത്? വൈഷമ്യം കുറഞ്ഞ ഗ്രന്ഥങ്ങളുടെ തർജ്ജമഭാഷയിൽ മലയാളത്തിനു പ്രാധാന്യം കൊടുക്കാമെങ്കിലും, ശാകുന്തളമൂലാർത്ഥത്തിന് ഹാനിവരാതെ തർജ്ജമക്കു യോജിക്കുന്ന മണിപ്രവാളരീതിയിൽ പ്രാചീനത്വമുണ്ടെങ്കിൽ ആയത് അപരിഹാര്യമെന്നേ ഗ്രഹിച്ചുകൂടു. സാധാരണ നാടകങ്ങൾ എടുത്തു പെരുമാറുന്നതു പോലെ ശാകുന്തളനാടകം എടുത്തുപെരുമാറുന്നതു മഹാസാഹസങ്ങ‌ളിലൊന്നായിരിക്കും. ആശയങ്ങളുടെ ആനുഗുണ്യം, ആശയങ്ങളുടെ അനുസ്യൂതത്വം, രചനയുടെ സൌകുമാര്യം, വ്യംഗ്യത്തിന്റെ മഹനീയത്വം മുതലായ ഗുണങ്ങളുടെ വൈശിഷ്ട്യത്തിലുള്ള പ്രത്യയസ്ഥൈര്യം കവിക്കുള്ളതുകൊണ്ടല്ലെ നാടകാരംഭത്തിൽ ആത്മപ്രശംസക്ക് അവകാശമില്ലാതായി പോയതന്നു ശങ്കിക്കേണ്ടിയിരിക്കുന്നു.

വീരാദികളായ അംഗരസങ്ങളെ യഥാവസരം കഥാവസ്തുവിൽ സഹജമാകും വണ്ണം സംഘടിപ്പിച്ചു അംഗിയായ ശൃംഗാരരസവല്ലി പടർത്തിയിരിക്കുന്നതിന്റെ ഭംഗിവിശേഷം പൂത്തുതളിർത്ത ലതകളാൽ പ്രശോഭിതമായ വസന്തത്തിന്റെ വൈഭവം പോലെ വർണ്ണനക്കു കേവലം അവിഷയമാകുന്നു. "എന്തഹോ കഥ ശരം തൊടുക്കിൽ" ഇവിടെ വ്യഞ്ജിക്കുന്ന വീരരസം നായകന്റെ ഗുണവർണ്ണനം വഴിയായി, നായികാനുരാഗയോഗ്യതയേയും നായകന്നു സംഗമസൌകര്യത്തേയും ഉണ്ടാക്കിക്കൊണ്ട് എപ്രകാരം അംഗിയായ ശൃംഗാരരസത്തെ പോഷിപ്പിക്കുന്നുവോ അപ്രകാരം തന്നെ നാലാമങ്കത്തിലെ കരുണവും നായികയുടെ അശരണാവസ്ഥയെ പ്രബലീകരിച്ചുകൊണ്ടു വിപ്രലംഭത്തിന്റെ തീവ്രതയെ പോഷിപ്പിക്കുന്നു. 'ചാലവേ വലിയ സിംഹി തന്നുടെ' ഇത്യാദി ഘട്ടങ്ങളിൽ സ്ഫുരിക്കുന്ന വിസ്മയം കുമാരവിഷയകമായ പ്രേമത്തേയും ഔൽസുക്യത്തേയും അങ്കുരിച്ചുകൊണ്ട് പ്രലീനമായി കിടക്കുന്ന രതിക്കു വീണ്ടും ഉണർച്ചയുണ്ടാക്കിക്കൊടുക്കുന്നു. ഹാസ്യപ്രധാനനായ വിദൂഷകന്റെ വ്യാപാരം ഗുണകഥനാദികളെക്കൊണ്ടു പൂർവ്വരാഗത്തിനു പരിപോഷത്തേയും, അയാളുടെ യഥാശ്രുതഗ്രാഹിത്വം സംഭോഗസൌകര്യത്തെയെന്ന പോലെ വിപ്രലംഭത്തിന്നൊരു കാരണാന്തരത്തേയും ജനിപ്പിക്കുന്നതിനാൽ ഹാസ്യവും ശൃംഗാരത്തിന്നു സഹായിയായി പരിണമിക്കുന്നു.

56*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/312&oldid=164954" എന്ന താളിൽനിന്ന് ശേഖരിച്ചത്