താൾ:Mangalodhayam book-4 1911.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

മനുഷ്യരെ മിരട്ടുവാൻ ഒ‌രു പ്രത്യേക വാസന മറിമായക്കാരന് സുലഭമാണ്. ഇവന്റെ മായാവിലാസക്കോർട്ടിൽ "എന്റെ","നിന്റെ" എന്നുള്ള വസ്തുക്കളുടെ അവകാശനിയമമൊന്നും പാസാക്കീട്ടില്ല. മറ്റുവല്ല ദിക്കിലുമുണ്ടെങ്കിൽ അത് ഇയാൾക്കു ബാധകവുമല്ല. അന്യന്റെ ധനത്തെ പിടിച്ചടക്കുന്നത് അന്യായമാണെന്നും നമുക്ക് തോന്നാമെങ്കിലും മറിമായക്കാരന് അതൊരു നേരമ്പോക്കാണ്. ദുർല്ലഭം ചിലപ്പോൾ ഒരോർമ്മക്കേടോ അഥവാ,'കൈപ്പിഴ'യോ ആണെന്നും സമ്മതിച്ചേയ്ക്കാം. ഇങ്ങനെയുള്ള പെരുങ്കള്ളന്മാരുടെ കൂട്ടത്തിൽ പെട്ടിട്ടുള്ളവർ പലരുമുണ്ട്.'ഇന്ദുലേഖ'യിലെ അലഹബാദ് സബ്ജഡ്ജി എത്ര ജോറുകാരനായിട്ടാണു സമർത്ഥനായ മാധവനെ പറ്റിച്ചത്.

    വലിയ പട്ടണങ്ങൾ,തീവണ്ടിയാപ്പീസുകൾ,ഇവയെല്ലാമാണ് മറിമായക്കാരനു സങ്കേതമായിട്ടുള്ളത്. പ്രമാണികളായ ജമീന്ദാർമാരോ,അവരുടെ ഏകസന്താനങ്ങളോ,അല്ലെങ്കിൽ ഉയർന്ന ഉദ്യോഗമുള്ളവരോ ആയിട്ടേ ഇവരെ കാണ്മാൻ കഴിയൂ. മാന്യന്മാരും മര്യാദക്കാരും ആയിട്ടുള്ളവരോടു പെരുമാറേണ്ട ചിട്ട നല്ലവണ്ണം പഠിച്ചുവച്ചിട്ടുണ്ടായിരിക്കും. ഇതിന് തൽക്കാലം അഡ്വാൻസായി വല്ലതും ചിലവുചെയ്യേണ്ടി വന്നാൽത്തന്നെ അയാൾ കൂസുകയില്ല. ഇങ്ങനെയെല്ലാമിരിക്കുന്ന മറിമായക്കാരെ സംഭന്ധിച്ച് രസകരമായ പല കഥകളുമുണ്ട്. അവയിൽ ചിലത് താഴെ ചേർക്കുന്നത് വായനക്കാർക്ക് രസിക്കുമെന്നു വിശ്വസിക്കുന്നു.
  ഒരിക്കൽ ഒരുവൻ ഒരു വലിയ പട്ടണത്തിൽ ചെന്ന് അവിടെ പ്രധാനമായി കച്ചവടം നടക്കുന്ന സ്ഥലത്ത് ഒരു വലിയ കച്ചവടമാളിക ഏതാനും മാസങ്ങൾക്കു് വാടകയ്ക്കാവശ്യപ്പെട്ടു. താൻ ഒരു വലിയ വ്യാപാരിയാണെന്നും തന്റെ സ്വദേശത്തിൽ നടക്കുന്ന കച്ചവടത്തിന്റെ ഒരു  ശാഖ പരീക്ഷാർത്തം സ്ഥാപിപ്പാൻ വിചാരിക്കുന്നുവെന്നും, മറ്റും പീടികയുടെ ഉടമസ്ഥനെ പറഞ്ഞു ധരിപ്പിച്ചു. സ്ഥലം പരിശോധിച്ചതിൽ, തന്റെ കച്ചവടത്തിന്റെ സ്ഥിതിക്കു മാളികയുടെ താഴത്തെ മുറിയിൽ നിന്നുതന്നെ മുകളിൽ പ്രവേശിക്കുന്നതിനു സൗകര്യമുണ്ടാവാൻ തക്കവണ്ണം ഒരു കോണി വെട്ടി വെയ്ക്കുന്നത് അത്യാവശ്യമാണെന്നും, അതിനു വേണ്ടിവരുന്ന  ചിലവ് വാടകയിൽ വകയാക്കിത്തരുന്ന പക്ഷം,തൽക്കാലം താൻതന്നെ കയ്യിൽനിന്ന് ചിലവു ചെയ്തുകൊള്ളാമെന്നും നമ്മുടെ വ്യാപാരി അഭിപ്രായപ്പെട്ടു.മുകളിലേക്കു കയറുന്നതിനു അപ്പോഴുണ്ടായിരുന്ന കോണി കുറച്ചകലെയായിരുന്നതിനാൽ കച്ചവടക്കാരന്റെ ആവശ്യം ന്യായമാണെന്നു തോന്നി ഉടമസ്ഥൻ അതിനു സമ്മതിച്ചു. കോണി പണി തീർന്നു. എന്നാൽ,മുകളിലെ മുറിയിലേക്കു കോണി എത്തിയ സ്ഥലത്തുതന്നെ നേരെ മുമ്പിലായി ഒരു മേശയുണ്ട്. കോണിയ്ക്കഭിമുഖമായുള്ള ഭാഗത്തുനിന്നു നോക്കിയാൽ, മേൽപറഞ്ഞ വിധത്തിൽ,ചോട്ടിൽ നിന്നു മുകളിലേയ്ക്ക് ഒരു പ്രവേശമാർഗ്ഗമുണ്ടെന്ന് ആർക്കും തന്നെ മനസ്സിലായില്ല. കുറെ ദിവസം കഴിഞ്ഞു. സംഗതിവശാൽ സാമാനങ്ങൾ എത്താത്തതുകൊണ്ടു കച്ചവടം ഇനിയും ആരംഭിക്കാത്തതാണ്. അതു നിമിത്തം കോണി സ്ഥാപിച്ചിരിക്കുന്ന ചോട്ടിലെ മുറിയുടെ വാതിൽ സാധാരണയായി തുറക്കാറില്ല. ഒരു ദിവസം ഈ വ്യാപാരി നല്ല ഒരു വണ്ടിയിൽക്കയറി അവിടെയുള്ള ഉണ്ടികക്കച്ചവടക്കാരന്റെ അടുക്കൽ ചെന്ന് തനിക്കു അമ്പതിനായിരം ഉറുപ്പികയുടെ ബാങ്ക്നോട്ട് പവനായിട്ട് മാറിക്കിട്ടിയാൽ കൊള്ളമെന്നും അതിന് ന്യായമായ വട്ടം തരാൻ ഒരുക്കമാണെന്നും പറഞ്ഞു. അന്നു നാലുമണിക്ക്,സംഖ്യയോടുകൂടി ഉണ്ടികക്കാരൻ തന്റെ വാസസ്ഥലമായ മുൻ വിവരിച്ച മാളികയിൽ എത്തിക്കൊള്ളാമെന്നു പറയുകയാൽ നമ്മുടെ വ്യാപാരി മടങ്ങിപ്പോരുകയും ചെയ്തു. കൃത്യം 4.മണിക്ക് ഉണ്ടികക്കാരന്റെ ആൾ പണവും കൊണ്ട് ഹാജറായി.സംഖ്യ മുഴുവനും എണ്ണി തിട്ടപ്പെടുത്തി കച്ചവടക്കാരനെ ബോദ്ധ്യംവരുത്തി.അയാൾ അത് ഭദ്രമായി ഒരു സഞ്ചിയിൽ ഇട്ടുകെട്ടി,കയ്യിൽവച്ച്, നോട്ടെടുക്കുവാനാണെന്നുള്ള ഭാവത്തിൽ മേൽവിവരിച്ച മേശയുടെ അപ്പുറത്തുകൂടി കടന്ന്,കോണി വഴി താഴെ ഇറങ്ങി. അവിടെ മുൻകൂട്ടി തയ്യാറാക്കി നിറത്തിയിരുന്ന ഒരു വേഗമുള്ള വണ്ടിയിൽ കയറി പമ്പ കടക്കയും ചെയ്തു.പണം കൊണ്ടുവന്നയാൾ കുറെ നേരം നിന്നിട്ടും ആളെക്കാണാഞ്ഞതിനാൽ ചെന്നു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. എന്നിട്ടെന്തുകാര്യം? കച്ചവടക്കാരനുമില്ല.നോട്ടുമില്ല. ഉണ്ടികക്കാരൻ അന്ധനായി നിന്നതുമാത്രം ശേഷിച്ചു.
    വേറൊരിക്കൽ ഒരു സദസ്സിൽ വെച്ച് കലീനയായ ഒരു സ്ത്രീയ്ക്ക് ഒരബദ്ധം പിണഞ്ഞു.അവൾ ഇരുന്നതിനു അടുത്തുതന്നെ വസ്ത്രാദ്യായലങ്കാരങ്ങളാൽ മര്യാദക്കാരനാണെന്നു ആർക്കും തോന്നാവുന്ന ഒരു മനുഷ്യൻ ഇരുന്നിരുന്നു.സ്ത്രീ എന്തോ സംഗതിവശാൽ തന്റെ പക്കലുണ്ടായിരുന്ന എത്രയും വിശേഷപ്പെട്ട ഒരു സ്വർണ്ണഡപ്പി അടുത്തുള്ള ഒരു കസാലയിൽ വച്ചു.അൽപ്പം കഴിഞ്ഞു നോക്കിയപ്പോൾ ഡപ്പി അവിടെ കാണ്മാനില്ല.സ്ത്രീ വലിയ പരിഭ്രമത്തിലായി.സദസിൽ നടക്കുന്ന കാര്യങ്ങളിൽ മാത്രം വളരെ തൃഷ്ണയോടെ ശ്രദ്ധ പതിച്ചിരിക്കുന്ന അടുത്തുള്ള മാന്യൻ ,ഈ സ്ത്രീയുടെ പെട്ടന്നുണ്ടായ പരിഭ്രമത്തിന്റെ കാരണം ചോദിച്ചു..തന്റെ പ്രേമഭാജനമായ ഭർത്താവിന്റെ ഛായവെച്ചു നിർമ്മിച്ചിട്ടുള്ള ആ സ്വർണഡപ്പി കാണാതായതിൽ ഉണ്ടായ ദുസ്സഹമായ വ്യസനം അവൾ അയാളെ അറിയിച്ചു.യഥാർത്ഥത്തിൽ ഡപ്പി മോഷ്ടിച്ച നമ്മുടെ ഗംഭീര പുരുഷൻ ആ സ്ത്രീയുടെ വ്യസനത്തിൽ അനുകമ്പയുള്ളവനെന്നു നടിച്ച് അവളെ സമാധാനപ്പെടുത്തുവാൻ യത്നിച്ചു. ഇദ്ദേഹത്തിന്റെ മധുരമായ വാക്കും സഹോദരിനിർവിശേഷമായ സ്നേഹവും കണ്ടു സ്ത്രീയ്ക്കു് ആയാളോടു വാസ്തവത്തിൽ വളരെ ബഹുമാനം തോന്നി. അടുത്തുള്ള ഒരു ഹോട്ടലിൽ ചില സ്നേഹിതന്മാരെ സൽക്കരിപ്പാൻ പോയിരിക്കുന്ന തന്റെ ഭർത്താവിന്റെ അടുക്കലേക്കു അദ്ദേഹത്തെ ക്ഷമിച്ചു..അയാൾ ഒഴിച്ചുകൂടാത്ത ചില പ്രതിബന്ധങ്ങൾ ഉള്ളതിനാൽ തനിക്കിപ്പോൾ സ്നേഹപൂർവമുള്ള ഈ ക്ഷണം സ്വീകരിപ്പാൻ നിവൃത്തിയില്ലാതെ വന്നതിൽ വ്യസനിക്കുന്നുവെന്നും പറഞ്ഞു. ആ സ്ത്രീയുടെ വാസസ്ഥലവും മറ്റും വിവരമായി ചേദിച്ചു മനസ്സിലാക്കി ഇരുമരും പിരിഞ്ഞു പോകയും ചെയ്തു..സ്ത്രീ ഹോട്ടലിൽ തന്റെ ഭർത്താവിന്റെ അടുക്കലേക്കാണ് പോയതെന്നു മനസ്സിലായ ഉടനെ കച്ചവടക്കാരനായ ആ മനുഷ്യൻ ആ സ്ത്രീയുടെ ഭവനത്തിൽ ചെന്ന്, ഗൃഹസൂക്ഷിപ്പുകാരനെ വിളിച്ച്,"നിന്റെ യജമാനസ്ത്രീ ഇന്ന ഹോട്ടലിലുണ്ട്;അവിടെ,കരുതിയതിലധികം സ്നേഹിതന്മാർ യാദൃച്ഛികമായി വന്നിരിക്കയാൽ ഇവിടെ ബാക്കിയുള്ള വെള്ളിക്കിണ്ണങ്ങളും മറ്റും തന്നയപ്പാൻ പറഞ്ഞിരിക്കുന്നു"എന്നറിയിച്ചു.ഗൃഹസൂക്ഷിപ്പുകാരൻ ആളെ അറിയാത്തതിനാൽ സാധനങ്ങൾ കൊടുക്കുന്നതിനു മടിക്കുന്നതിനെക്കണ്ട് നമ്മുടെ വിദ്വാൻ ആ സ്വർണഡപ്പിയെടുത്ത് "ഇത് നിന്റെ യജമാനസ്ത്രീ അടയാളമായി തന്നയച്ചതാണ്.ഇതിൽ അവരുടെ ഭർത്താവിന്റെ ഛായ വച്ചിട്ടുണ്ട്."എന്നും മറ്റും കുറെ പരിഭവത്തോടെ പറഞ്ഞു. ഗൃഹസൂക്ഷിപ്പുകാരൻ ലജ്ജിതനായി ഒന്നും പറയാതെ ഉടനെ വിലപിടിച്ച ആ സാമാനങ്ങളെല്ലാം എടുത്തു കൊടുത്തു. അയാൾ ഒരു പുഞ്ചിരിയോടുകൂടി അവിടം വിട്ടു തന്റെ വഴിക്കു പോവുകയും ചെയ്തു. പിന്നത്തെ കഥ പറയണമോ?
    ഒരു ദിവസം ഒരു മാന്യൻ ഖജാനയിൽ നിന്നു വലിയ ഒരു തുകയുടെ ചെക്കുമായി ഒരു വണ്ടി പിടിച്ച് തന്റെ വീട്ടിലേക്കു പോകയായിരുന്നു. തനിക്ക് ഇറങ്ങേണ്ട സ്ഥലവും മറ്റും ആദ്യം വണ്ടിക്കാരനോടു പറഞ്ഞിട്ടുണ്ടായിരുന്നുവെങ്കിലും കുറെ ചെന്നപ്പോൾ അയാൾ അത് മറന്നു പോകയാൽ, വണ്ടി ഒരു ദിക്കിൽ നിർത്തി അകത്തിരിക്കുന്ന ആളോടു വീണ്ടും ചോദിപ്പാനായി ഇറങ്ങി വന്നു നോക്കി.കഷ്ടം!വണ്ടിയിലിരിക്കുന്നയാൾ ചത്തു കിടക്കുന്നു. വണ്ടിക്കാരൻ ഭയപ്പെട്ടു നിലവിളികൂട്ടി. എന്തിനു പറയുന്നു! നിമിഷനേരത്തിനുള്ളിൽ നാലുപുറവും ആൾ നിറഞ്ഞു. പെട്ടെന്നു ശുചിയായ വസ്ത്രങ്ങൾ ധരിച്ച രസികനായ ഒരു യുവാവ്, ആൾക്കൂട്ടത്തിൽക്കൂടി തിക്കിത്തിരക്കിവന്ന്,"അയ്യോ അതെന്റെ അച്ഛനാണേ.എന്റെ എത്രയും പ്രിയപ്പെട്ട സാധുവായ അച്ഛനാണെ."എന്നിങ്ങനെ ദയനീയമായ സ്വരത്തിൽ വിലപിക്കുകതന്നെയല്ല,വണ്ടിക്കുള്ളിൽ ചാടി വീണ്, പ്രേതത്തിന്മേൽ അവിടവിടെയായി പുലവുരു ചുംബിക്കുകയും മാറടത്തടിച്ചു നിലവിളിക്കുകയും ചെയ്തു. കണ്ടുനിന്നവരെല്ലാം വല്ലാതെയായി. ആ യുവാവിനു നേരിട്ട പിതൃവിയോഗത്തിൽ വ്യസനിച്ചു പലരും സാന്ത്വനവാക്കുകളാൽ അയാളെ ആശ്വസിപ്പിച്ചു. ഏകദേശം ഒരു അരമണിക്കൂർ നേരം ഇങ്ങനെ കഴിഞ്ഞു. മരിച്ചാളുടെ മകനായി വന്നവൻ ഒടുവിൽ ധൈര്യമവലംബിച്ച മട്ടിൽ വണ്ടിയാട്ടാൻ കൽപ്പന കൊടുത്തു.കുറേ ദൂരം ചെന്നപ്പോൾആൾപ്പെരുമാറ്റം കുറഞ്ഞ ഒരു സ്ഥലത്ത് വെച്ച് അയാൾ പതുക്കെ വണ്ടിയിൽ നിന്നു ഇറങ്ങി മറ്റൊരു മാർഗ്ഗമായി പോകയും ചെയ്തു. സാധുവണ്ടിക്കാരൻ നോക്കുമ്പോൾ മകനെവിടെ? ഉടുത്ത വസ്ത്രം മാത്രം ശേഷിച്ച ഒരു പ്രേതം വണ്ടിയിൽ കിടപ്പുണ്ട്.അയാളുടെ പണസഞ്ചിയുമില്ല. സ്വർണഗഡിയാളുമില്ല. ഒന്നുമില്ല. സമർത്ഥനായ ആ മകൻ പറ്റിച്ച കാര്യം എങ്ങിനെ?തരക്കേടുണ്ടോ?
  മനോഹരമായ വിധത്തിൽ വസ്ത്രധാരണം ചെയ്ത്,ഇരട്ടക്കുതിരയെ പൂട്ടിയ വണ്ടിയിൽ കയറി, ഒരിക്കൽ,ഒരു സ്ത്രീ ഒരു ഡോക്ടറുടെ അടുക്കൽ ചെന്നു, തന്റെ ഭർത്താവിനു പെട്ടെന്നുണ്ടായ മുതൽനഷ്ടം നിമിത്തം ചിത്തഭ്രമം പിടിച്ചുപോയെന്നും, കഴിവുണ്ടെങ്കിൽ അയാളെ ചികിത്സിച്ചു ഭേദം വരുത്തിയാൽകൊള്ളാമെന്നും പറഞ്ഞു.ഡോക്ടർ രോഗിയുടെ സ്ഥിതി സൂക്ഷമമായി അറിഞ്ഞതിനാൽ, അയാൾ ഒരു രത്നവ്യാപാരിയായിരുന്നുവെന്നും ഒരു സ്ത്രീയുടെ മറിമായത്തിൽപ്പെട്ടു മുതൽ നശിച്ചു പാപ്പരായിപ്പോകനിമിത്തം നാവെടുത്താൽ "അവളെവിടെ-പണമെവിടെ." എന്നു ഉരുവിട്ടുകൊണ്ടിരിക്കുകയാണു പതിവെന്നും മനസ്സിലായി.ഡോക്ടർ തന്നാൽ കഴിയുന്നത്ര പരിശ്രമിച്ചുനോക്കാമെന്നു സമ്മതിയ്ക്കയാൽ, ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞ ആ സ്ത്രീ അവിടെനിന്നു പുറപ്പെട്ടു. ആ പട്ടണത്തിലുള്ള ഒരു വലിയ രത്നവ്യാപാരിയുടെ ഷാപ്പിൽ ചെന്നു കയറി. വളരെ അധികം പണം വിലയ്ക്കുള്ള ആഭരണങ്ങൾ വാങ്ങി. ബില്ലോടുകൂടി ഒരാളെക്കൂടെ അയച്ചാൽ സംഖ്യ മുഴുവനും ഇപ്പോൾത്തന്നെ കൊടുത്തയയ്ക്കാമെന്നു പറകയാ, രത്നവ്യാപാരി സന്തോഷത്തോടുകൂടി സമ്മതിച്ചു തന്റെ ശമ്പളക്കാരിൽ ഒരാളെ ആ സ്ത്രീയൊന്നിച്ചയച്ചു. സ്ത്രീയാകട്ടെ, മുൻപറഞ്ഞ ഡോക്ടറുടെ ഭവനത്തിന്റെ മുമ്പിൽ വണ്ടി എത്തിയപ്പോ,അവിടെ ഇറങ്ങി ,സാമാനങ്ങളെടുത്ത്,'ഉറുപ്പിക ഇതാ കൊണ്ടുവരാം' എന്നു പറഞ്ഞു ശമ്പളക്കാരനെ പുറമെ നിർത്തി അകത്തേയ്ക്കു കടന്നു പോയി. ഡോക്ടറെ കണ്ടു. ഭർത്താവു വന്നിട്ടുണ്ടെന്നു പറഞ്ഞു. ഉടനെത്തന്നെ 'ഹൊ! ഞാനൊന്നു മറന്നു. ഭ്രാന്തിളകുന്ന  സമയങ്ങളിൽ അദ്ദേഹത്തിന്റെ ഡയറി കണ്ടാൽ കുറേ ഭേദമുണ്ട്. അത് ഉടനെ എടുത്തുകൊണ്ട് വരാം.നിങ്ങൾ ദയവു ചെയ്ത് അദ്ദേഹത്തെ അകത്തു കൊണ്ടുവന്ന്,പരിശോധിക്കുക' എന്ന് പറഞ്ഞ് മറ്റൊരു വാതിൽ മാർഗമായി പുറത്ത് കടന്നുപോകുകയും ചെയ്തു.ഡോക്ടർ രോഗിയെ പരിശോധപ്പാൻ വേണ്ട ചട്ടവട്ടങ്ങൾ ചെയ്ത് പുറത്തുവന്നപ്പോൾ രത്നവ്യാപാരിയുടെ ശമ്പളക്കാരൻ"അവളെവിടെ,പണമെവിടെ"എന്ന് പറയുന്നതാണ് കേട്ടത്. 'സാധു!ഭ്രാന്തിളകി'.എന്നു പറഞ്ഞ് ഡോക്ടർ ഉടനെ തന്നെ "അവളിപ്പോൾ വരും. പണവും കിട്ടും" എന്ന് നല്ലവാക്കു പറഞ്ഞ് അകത്ത് കടന്നു പോയി മരുന്ന് കൊടുക്കുവാനുള്ള ശ്രമമായി.പിന്നത്തെ കഥ പറയുവാനുണ്ടോ?ഡയറിയെടുപ്പാൻ പോയവളെ പിന്നെ കാണുവാൻ സാധിച്ചിട്ടില്ല.

ഒരിക്കൽ ഒരു പെരുങ്കള്ളൻ വഴിയാത്രക്കാരനാണെന്നുള്ള ഭാവനയിൽ നാട്ടുപുറത്തുള്ള ധനവാനായ ഒരു ജന്മിയുടെ മാളികയിൽ കയറിച്ചെന്ന്, 'കയ്യിൽ പണം അധികമുള്ളതിനാൽ രാത്രി സഞ്ചരിപ്പാൻ ഭയമുണ്ടെന്നും, അതിനാൽ ദയവുചെയ്ത്,ഇന്നു രാത്രി തന്നെ ഇവിടെ താമസിപ്പിക്കേണ' മെന്നും പറഞ്ഞു.ഗൃഹസ്ഥൻ സമ്മതിച്ചു. വഴിയാത്രക്കാരൻ, തന്റെ കൈപ്പെട്ടി വീട്ടുടമസ്ഥന്റെ പക്കൽ തന്നെ സൂക്ഷിപ്പാൻ ഏൽപ്പിച്ചു..രാത്രി എല്ലാവരും ചേർന്ന് ഭക്ഷണത്തിനിരിക്കുമ്പോൾ വഴിയാത്രക്കാരനായി വന്നവ, ആംഗ്യം കാണിച്ച് സംസാരിക്കുന്നതിനിടയിൽ മനുഷ്യരെ ഗാഢനിദ്രയിൽ പെടുത്തുന്ന ഒരു സിന്ദൂരം മറ്റുള്ളവരുടെ ഭക്ഷണങ്ങളിൽ ഇട്ടു. ചുരുക്കി പറഞ്ഞാൽ അവരെല്ലാവരും ഭക്ഷണം കഴിഞ്ഞുടനെ ഉറക്കത്തിനായി അവരവരുടെ മുറിയിൽ പ്രവേശിച്ചു. വഴിയാത്രക്കാരൻ തൽക്ഷണം ജന്മിയുടെ താക്കോൽക്കൂട്ടം കരസ്ഥമാക്കി. അർദ്ധരാത്രിയിൽ ജെന്മിയുടെ പണപ്പട്ടി തുറന്നു നോക്കിയപ്പോൾ അതിൽ അറുവതിനായിരം രൂപയുടെ ബാങ്കുനോട്ടുകൾ ഇരിക്കുന്നതു കണ്ടു. അതിന്റെ നമ്പർ കുറിച്ചെടുത്ത് താക്കോൽക്കൂട്ടം പൂർവ സ്ഥിതിയിൽ തന്നെ വച്ച് കിടന്നുറങ്ങുകയും ചെയ്തു. പ്രഭാതത്തിൽ ഉണന്ന് ജന്മിയോട് തന്റെ കൈപ്പെട്ടി വാങ്ങി, യാത്ര പറഞ്ഞു. എന്തോ ഒരു സാധനം എടുപ്പാനുള്ള നാട്യത്തിൽ അവിടെ വച്ചുതന്നെ പെട്ടി തുറന്ന്,'ഹാ?ദൈവമേ! എന്റെ അമ്പതിനായിരം ഉറുപ്പിക വിലയ്ക്കുള്ള ബാങ്ക് നോട്ടുകൾ ഇതിൽ കണ്മാനില്ലല്ലോ'എന്നു പറഞ്ഞ് ലഹള കൂട്ടി.ഉടനെ പോലീസിൽ അറിവു കൊടുത്തു.പോലീസ് ഉദ്യോഗസ്ഥന്മാർ വന്ന് പരിശോധന നടത്തി. നോട്ടിന്റെ നമ്പർ നിശ്ചയമുണ്ടോ എന്ന് ചോദിച്ചു. ഉവ്വ് എന്ന് പറഞ്ഞ്,നമ്പറുകൾ കുറിച്ചിട്ടുള്ള കടലാസ് അവർ വശം ഏൽപ്പിച്ചു.ഇതിനിടയിൽ വഴിയാത്രക്കാരൻ ജന്മിയെ തന്നെയാണ് താൻ സംശയിക്കുന്നതെന്ന് സൂചിപ്പിക്കുകയുണ്ടായി.പോലീസുകാർ ജന്മിയുടെ പണപ്പെട്ടി പരിശോധിച്ചപ്പോ നോട്ടുകളുടെ നമ്പർ കൃത്യം. ജന്മി അമ്പരന്നു. അധികം ആളുകൾ അറിയാതെ കഴിക്കാൻവേണ്ടി ഉടനെ നോട്ടെടുത്ത് വഴിയാത്രക്കാരനു കൊടുത്ത് അയാളെ തൽക്ഷണം സമാധാനപ്പെടുത്തി നല്ലവാക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/152&oldid=164845" എന്ന താളിൽനിന്ന് ശേഖരിച്ചത്