താൾ:Mangalodhayam book-10 1916.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മംഗളോദയം ൪൮

രാക്ഷസനെന്നു പേരുവന്നത് എങ്ങിനെയോ? ഇദ്ദേഹം മഗധവംശത്തിൽ ജനിച്ചനന്ദരാജാക്കന്മാരുടെ 'കുലാമാത്യന്മാരായ വക്രനാസാദികളുടെ കൂട്ടത്തിൽ കേൾവിപ്പെട്ട ഒരു മന്ത്രിശ്രേഷ്ഠനും,നീതിവിദ്യയിൽ ചാണക്യനോടു കിടപിടിക്കുന്ന ഒരു യോഗ്യനുമാണ്.

ചാണക്യൻ യൌവനകാലത്തു തന്നെ രാക്ഷസന്റെ വിരോധിയായിത്തീർന്നു. നവനന്ദന്മാരും ചന്ദ്രഗുപ്തനുമായുണ്ടായ വിരോധത്തിൽ നന്ദന്മാരുടെ ഭാഗത്തു രാക്ഷസനും ചന്ദ്രഗുപ്തന്റെ പക്ഷത്തിൽ ചാണക്യനുമാണ് മുൻനടന്നു പ്രവർത്തിച്ചത്. നന്ദവംശജനായ സർവ്വാർത്ഥസിദ്ധി തനിക്കു സുനന്ദ എന്ന ക്ഷത്രിയഭാര്യയിൽ ജനിച്ച നവനന്ദന്മാർക്കു രാജ്യാധികാരം കൊടുത്ത് , മുര എന്ന ശുദ്രഭാര്യയിൽ ജനിച്ച മൌര്യനെ സേനാപതിയാക്കി രാജ്യം ഒഴിഞ്ഞു തപസ്സു ചെയ്യാനായി തപോവനത്തിലേയ്ക്കു പോയശേഷം, നന്ദന്മാർ തങ്ങളുടെ വംശാമാത്യനെ രാക്ഷസന്റെ സഹായത്തോടുകൂടി മൌര്യനേയും അദ്ദേഹത്തിന്റെ നൂറു മക്കളേയും ഉപായത്തിൽ അപായപ്പെടുത്തി. ദൈവഗത്യാ മൌര്യപുത്രന്മാരിൽ ബുദ്ധിമാനായ ചന്ദ്രഗുപ്തൻ മാത്രം ശേഷിച്ചു. ചന്ദ്രഗുപ്തൻ നന്ദന്മാരോടു പകരം ചോദിപ്പാനായി, നീതിവിദഗ്ദ്ധനായ ചാണക്യനെ ഗുരുവായി വരിച്ച് അഭയം പ്രാപിക്കുകയും, ചാണക്യൻ തന്റെ നീതിവിദ്യാപ്രയോഗത്താൽ നന്ദന്മാരെയെല്ലാം നിഗ്രഹിച്ചു ചന്ദ്രഗുപ്തനെ രാജാവാക്കി വാഴിക്കുകയും ചെയ്തു. പിന്നീടു ചാണക്യൻ ചന്ദ്രഗുപ്തന്റെ മന്ത്രിയായിത്തിർന്നു. രാക്ഷസനാകട്ടെ, തനിക്കെത്രയും പ്രിയപ്പെട്ട നന്ദവംശത്തിന്റെ ഉന്മൂലനാശം ചെയ്തതു നിമിത്തം ചാണക്യന്റെ വിരോധിയും ആയി.

ചാണക്യൻ തന്റെ ക്രോധാഗ്നിയിൽ ശലഭതുല്യമായി നവനന്ദന്മാരെ ഹോമിച്ചതിന്നു കാരണം ചന്ദ്രഗുപ്തന്റെ അപേക്ഷ മാത്രമല്ല. നന്ദന്മാർ സദസ്സിൽ വെച്ചപമാനിച്ചതും അതിനുള്ള കാരണങ്ങളിൽ പ്രധാനമായ ഒന്നാണ്. അദ്ദേഹം ഒരിക്കൽ നന്ദന്മാരുടെ രാജധാനിയിൽ അതിഥിയായിച്ചെന്നു ഭക്ഷണത്തിനായി മാന്യസ്ഥാനത്തു കയറിയിരുന്നപ്പോൾ 'ഇതേതാ ഒരു വടു' എന്നു പറഞ്ഞു നന്ദന്മാർ അദ്ദേഹത്തെ അഗ്രാസനത്തിൽനിന്നിറക്കി അയയ്ക്കുകയുണ്ടായി. ഈ അപമാനം സഹിക്കാഞ്ഞ് ചാണക്യൻ 'എന്നാലിനി നന്ദന്മാരുടെ മൂലച്ഛേദം ചെയ്തിട്ടേ മറ്റു കാര്യമുള്ളൂ. ഈ കടുമ കെട്ടുന്നതും അതു കഴിഞ്ഞിട്ട് ' എന്നു ശപഥം ചെയ്ത് തന്റെ കടുമ കെട്ടഴിച്ചിട്ട് ആ സദസ്സിൽ നിന്നിറങ്ങിപ്പോന്നു. അതിനുശേഷമാണ് ചാണക്യനും രാക്ഷസനും തമ്മിൽ വിരോധമായത്.

ചാണക്യരാക്ഷസന്മാരുടെ മത്സരത്തിന്റെയും നീതിപ്രയോഗത്തിന്റെയും ഒരു മുഖവുര മാത്രമാണ് നന്ദവംശോന്മൂലനം. അതിനുശേഷമാണ് അവരുടെ നീതിവിദ്യയിലെ പ്രധാനപരീക്ഷകൾ ആരംഭിക്കുന്നത്. ചാണക്യന്റെ ശപഥം നന്ദവംശം നശിപ്പിക്കുവാൻ മാത്രമാണെങ്കിലും, അവരെ കൂട്ടത്തോടെ കൊല ചെയ്തു ചന്ദ്രഗുപ്തനെ രാജാവാക്കി കുസുമപുരത്തിലെ സുഗാംഗപ്രസാദത്തിൽ കയറ്റിയിരുത്തീട്ടുകൂടി ആ ക്രോധമൂർത്തിയുടെ ക്രോധം ശമിച്ചില്ല. സർവ്വാർത്ഥസിദ്ധിയുടെ സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/49&oldid=164815" എന്ന താളിൽനിന്ന് ശേഖരിച്ചത്