താൾ:Mangalodhayam book-10 1916.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിതോരിലെ മഹായുദ്ധം

                                                                                         ൩൯

നി വരാതെ നിലനിർത്തേണമെന്ന ഉദ്ദേശം കൊണ്ടോ എന്തെങ്കിലുമാവട്ടെ ദില്ലിയിലെ ഒരു വലിയ കെട്ടിടത്തിന്റെ സിംഹദ്വാരത്തിൽ ഒരു വലിയ കരിങ്കൽ തറകെട്ടിച്ച് അതിന്റെ മീതെ ഇവർ രണ്ടു പേരുടേയും പ്രതിമകൾ കല്ലുകൊണ്ടുണ്ടാക്കിച്ചു സ്ഥാപിച്ചു. ഇരുന്നൂറ് കൊല്ലങ്ങൾക്കു ശേഷം ബർനിയൻ എന്ന ദേശ സഞ്ചാരി ഇന്ത്യയെ സന്ദർശിയ്ക്കാൻ വരികയുണ്ടായി. അയാൾ ജയമല്ലന്റേയും പുത്തന്റേയും പ്രതിമകൾ കണ്ട് അയാളുടെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:- 'ജയമല്ലൻ ചിതോരിലെ രാജാവായിരുന്നു. പുത്തൻ അദ്ദേഹത്തിന്റെ അനുജനായിരുന്നു. കല്ലു കൊണ്ടുള്ള ആനകളുടെ പുറത്തിരിയ്ക്കുന്ന മാതിരിയിലാണ് ഇവരുടെ പ്രതിമകൾ കൊത്തി വച്ചിട്ടുള്ളത്. ഇവരുടെ പരാക്രമങ്ങൾ കേട്ടിട്ട് എനിക്ക് വളരെ അത്ഭുതം തോന്നി. പുത്തനും അയാളുടെ അമ്മയും മറ്റനേകം സ്ത്രീകളും ഈ യുദ്ധത്തിൽ തങ്ങളുടെ ജീവനെ ബലികഴിപിച്ചിരുന്നു'. ജയമല്ലനെ ചിതോര രാജാവായും പുത്തനെ അദ്ദേഹത്തിന്റെ അനുജനായും ബർനിയർ വിവരണം ചേർത്തിട്ടുള്ളത് തെറ്റാണ്. അറിവില്ലാത്തയാരോ അയാളെ തെറ്റിധരിപ്പിച്ചിട്ടായിരിക്കണം ബർനിയർ ഇങ്ങനെ എഴുതിയിട്ടുള്ളത്. രാജസ്ഥാനത്തെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യവും സർവ്വപ്രധാനവുമായ ചരിത്രം മഹാനായ ടോഡ്സായവിന്റെ ചരിത്രമാണ്. അദ്ദേഹ വളരെ അന്വേഷണങ്ങൾ കഴിയ്ക്കുകയും രാജസ്ഥാന രാജാക്കൻമാരുടെ പല ഗ്രന്ഥവരികളും ലക്ഷ്യങ്ങളും നോക്കുകയും ചെയ്ത ശേഷം ബർനിയർ തെറ്റാണെന്നു സ്ഥാപിച്ചിട്ടുണ്ട്. മഹാവീരൻമാരും സ്വദേശപ്രാണൻമാരുമായ ജയമല്ലനേയും പുത്തനേയും രാജസ്ഥാനിൽ ഇന്നും ദേവൻമാരെ പോലെ പുജിച്ചു വരുന്നുണ്ട്. വിദ്വാൻമാരും കവികളും അവരുടെ വീരയ്യമഹീമയെ പലമാതിരി കവിതകളിലും പ്രകടിപ്പിച്ച് ഇപ്പോഴും രാജപുത്രൻമാരുടെ ഹൃദയത്തിൽ സ്വാതന്ത്രത്തിന്റെ ബീജമന്ത്രത്തെ നട്ടുവളർത്തുന്നുണ്ട്. രാജപുത്രസ്ത്രീകൾ സന്ധ്യാസമയത്തു ദേവൻമാർക്കു വിളക്കുകൾ കൊളുത്തികാണിയ്ക്കുമ്പോൾ താമു തൊഴുതു പുത്തനേയും ജയമല്ലനേയും പോലെയുള്ള വീര സന്താനങ്ങൾ നമ്മുക്കുണ്ടാവണെ എന്ന് എപ്പോഴും പ്രാർത്ഥിച്ചു വരുന്നുണ്ട്. യവം, ഗോതമ്പ് മുതലായ ധാന്യങ്ങൾ പൊടിയ്ക്കുന്ന സമയത്ത് ഇപ്പോഴും രാജപുത്രസ്ത്രീകൾ പുത്തനേയും ജയമല്ലനേയും കുറിച്ചുള്ള വീരഗാഥകൾ പാടി കൃതാർത്ഥമായിതീരുന്നുണ്ട്. പുത്താ!ജയമല്ലാ!നിങ്ങൾ രാജസ്ഥാനത്തിലാണ് ജനിച്ചതെങ്കിലും ലോകത്തിന്ന് അലങ്കാരഭൂതൻമാരായി തീർന്നിരിക്കുന്നു. ലോകത്തിൽ എത്രകാലം വരെ സ്വാതന്ത്രം ജനങ്ങളുടെ ബഹുമതിയ്ക്കു പാത്രമായിതീരുന്നുവോ, എത്രകാലം വരെ വീരപൂജ നിലനിൽക്കുന്നുവോ അത്രക്കാലം വരയ്ക്കും ലോകത്തിലുള്ള സ്ത്രീ പുരുഷൻമാർ നിങ്ങളെ ഭക്തി പുഷ്പംകൊണ്ടു ആരാധിച്ച തങ്ങൾ കൃതാർത്ഥൻമാരായി എന്നു വിചാരിയ്ക്കുന്നതാണ്. വീരമാതാവായ ഭാരതപുണ്യഭൂമിയെ ലോകർ ഭക്തിപൂർവ്വം പൂജിയ്ക്കുന്നതാണ്.

കേകയൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/40&oldid=164797" എന്ന താളിൽനിന്ന് ശേഖരിച്ചത്